| Monday, 16th September 2024, 3:39 pm

ഞാൻ ഏറ്റവും ഭയത്തോടെ ചെയ്തത് ആ മോഹൻലാൽ ചിത്രം, കാരണം അദ്ദേഹം: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മികച്ച ചിത്രമാണ് സദയം. മോഹൻലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിട്ടാണ് സദയത്തിലെ സത്യനാഥനെ കണക്കാക്കുന്നത്.

സദയം എന്ന സിനിമ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. എം.ടിയും താനും ആദ്യമായി ചെയ്യാൻ തീരുമാനിച്ചത് മറ്റൊരു സിനിമയായിരുന്നുവെന്നും അതിന്റെ തീം വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിൽ പ്രചോദനം ഉൾക്കൊണ്ടതാണെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം ദക്ഷിണേന്ത്യയിലെ അഭിനേതാക്കളെയും ഉൾപ്പെടുത്തിയാണ് സിനിമ നിർമിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ ബജറ്റ് പ്രശ്നമായതിനാൽ സിനിമ ഉപേക്ഷിച്ചെന്നും സിബി പറയുന്നു. ഒടുവിൽ എം.ടിയുടെ ശത്രു എന്ന ചെറുകഥയിൽ നിന്നാണ് സദയം ഉണ്ടാവുന്നതെന്നും മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘എം.ടി.യുടെ തിരക്കഥയിൽ സിനിമ ചെയ്യണമെന്ന സ്വപ്നം ഉണ്ടായിരുന്നു. പക്ഷേ, പോയി ചോദിക്കാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. ഒരു ദിവസം സെവൻ ആർട്‌സ് വിജയകുമാർ ചോദിച്ചു, നമുക്ക് എം.ടി.സാറിനെ കണ്ട് ഒരു കഥ ചോദിച്ചാലോയെന്ന്. ‘ഭരതം’ കഴിഞ്ഞ സമയമാണ്.

അങ്ങനെ എം.ടി.സാറിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, നമുക്കൊരു വലിയ പടം ചെയ്യാം. ‘ജൂലിയസ് സീസർ’. മമ്മൂട്ടിയും ലാലും ഉൾപ്പെടെ തെന്നിന്ത്യയിലെ പ്രധാന അഭിനേതാക്കളെ വെച്ച് വലിയ പടം. അതിൻ്റെ ലൊക്കേഷൻ തേടി എം.ടി.സാറിനൊപ്പം യാത്രചെയ്തു. അതൊക്കെയും വലിയ അനുഭവങ്ങളാണ്.

പക്ഷേ, ബജറ്റ് പ്രശ്‌നമായി. സിനിമനടന്നില്ല. എങ്കിൽ നമുക്കൊരു ചെറിയ പ്രോജക്ട് ആലോചിക്കാമെന്നായി എം.ടി.സാർ. അദ്ദേഹത്തിന്റെ ‘ശത്രു’ എന്ന ചെറുകഥയിൽനിന്ന് ‘സദയം’ എന്ന സിനിമ ജനിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് ഞാൻ ഏറ്റവും ശ്രദ്ധയോടെയും ഭയത്തോടെയും ചെയ്ത സിനിമയാണത്.

സാഹിത്യത്തിലെ കുലപതി വിശ്വസിച്ചേൽപ്പിച്ച കഥയാണ്. അത് മോശമാക്കരുതെന്നുണ്ടായിരുന്നു. ആ സിനിമ വലിയ വെല്ലുവിളിയായിരുന്നു. നോൺ ലീനിയറായ തിരക്കഥ. കഥാപാത്രങ്ങളുടെ കാഴ്ച‌പ്പാടിലൂടെ കഥ വികസിക്കുകയാണ്. ഫൈനൽ എഡിറ്റഡ് വേർഷൻ കാണാൻ അദ്ദേഹം വന്നു.

അദ്ദേഹം എന്തെങ്കിലുമൊന്ന് നെഗറ്റീവായി പറഞ്ഞാൽ ഞാൻ തകർന്നുപോകും. പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല. എൻ്റെ തിരക്കഥയ്ക്കു മുകളിൽ പോയ ഒരേയൊരു സിനിമയേയുള്ളൂ, അത് സദയമാണെന്ന്, പിന്നെയെപ്പോഴോ അദ്ദേഹം ഒരു വേദിയിൽ പറഞ്ഞതായി അറിഞ്ഞു. അതെനിക്ക് ഓസ്‌കറിനെക്കാൾ വിലപിടിപ്പുള്ള പുരസ്കാരമാണ്.

Content Highlight: Sibi Malayil Talk About Sadhayam Movie And M.T Vasudevan Nair

We use cookies to give you the best possible experience. Learn more