തന്റെ സിനിമകളിലെ നായകൻമാരെ കുറിച്ച് പറയുകയാണ് സിബി മലയിൽ. കിരീടം, തനിയാവർത്തനം, സദയം തുടങ്ങിയ സിനിമകളിലെ തന്റെ നായകൻമാരെല്ലാം തോറ്റുപ്പോയവരാണെന്നും ആ സിനിമകളെ വ്യത്യസ്തമാക്കി നിർത്തുന്നത് അത് തന്നെയാണെന്നും സിബി പറയുന്നു.
സദയം കണ്ടിട്ട് ഒരാൾ, ചിത്രത്തിൽ മോഹൻലാൽ രക്ഷപ്പെട്ടിരുന്നെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് പറഞ്ഞിരുന്നുവെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.
‘പേടിച്ചു നടക്കുന്ന ഒരു മനുഷ്യനാണല്ലോ കിരീടത്തിലെ സേതുമാധവൻ. അറിയാതെ ഒരുത്തനെ തല്ലിപ്പോയി അതിന് ശേഷമാണ് അയാൾ വലിയ ഗുണ്ടയാണെന്ന് അറിയുന്നത്. പിന്നെ അയാൾ മാറി മാറി പോവാനാണ് ശ്രമിക്കുന്നത്. സേതുമാധവന് അതിനുള്ള ധൈര്യം ഒരിക്കലും ഉണ്ടാവില്ലല്ലോ.
ക്ലൈമാക്സിന് മുമ്പുള്ള സീനിൽ നായകൻ കൂട്ടുക്കാരനോട് പറയുന്നത്, ഞാൻ നാട് വിട്ട് പോവുകയാണെന്നാണ്. തനിയാവർത്തനത്തിലും അത് തന്നെയാണ്. വിധിക്ക് കീഴടങ്ങാൻ തയ്യാറാവുന്ന ഒരാളാണ്. സദയത്തിന് ഉണ്ടായ പ്രശ്നവും അത് തന്നെയായിരുന്നു.
എന്റെ അടുത്ത് ഒരാൾ പറഞ്ഞിരുന്നു, മോഹൻലാൽ എങ്ങനെയെങ്കിലും ആ കയറിൽ നിന്ന് രക്ഷപ്പെട്ട് ജയിൽ ചാടി പോയാൽ പടം സൂപ്പർ ഹിറ്റാവുമെന്ന്. ഞാൻ പറഞ്ഞു, അത് നടക്കാത്ത കാര്യമല്ലേയെന്ന്. തൂക്ക് കയറിൽ നിന്ന് അയാൾ എങ്ങനെയാണ് രക്ഷപ്പെട്ട് പോവുക.
പലരും വിചാരിച്ചത് അവസാനം എന്തെങ്കിലുമൊന്ന് സംഭവിച്ച് അയാൾ രക്ഷപ്പെടുമെന്നാണ്. മോഹൻലാൽ മരിക്കില്ല എന്നാണ് സാധാരണ പ്രേക്ഷകർ ചിന്തിക്കുന്നത്. അന്ന് ആ ചിത്രം സ്വീകരിക്കാതെ പോയതിന് അത് കാരണമാവാം. ഇന്നിപ്പോൾ വലിയ ചർച്ചകളിലുള്ള ചിത്രമാണ് സദയം,’ സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Sadhayam Movie