മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.
24 വര്‍ഷങ്ങള്‍ക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷനായി ദേവദൂതൻ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടി ബിഗ് സ്‌ക്രീനിലെത്തിച്ചു. അനാവശ്യമായിട്ടുള്ള രംഗങ്ങള്‍ മുറിച്ചുമാറ്റി റീ റിലീസ് ചെയ്ത ദേവദൂതനെ പ്രേക്ഷകര്‍ സ്വീകരിച്ചു. പഴയതിലും മികച്ച ശബ്ദമികവില്‍ വന്ന ചിത്രത്തിന്റെ തിരിച്ചുവരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റി.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടാഴ്ച കൊണ്ട് 5കോടിയോളം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. എന്നാൽ ദേവദൂതന്റെ വിജയം കണ്ട് ഒരുപാടാളുകൾ ഇപ്പോൾ റീ റിലീസുമായി ഇറങ്ങിയിട്ടുണ്ടെന്നും അതൊരു ട്രെൻഡായി മാറാൻ പോവുകയാണെന്നും സംവിധായകൻ സിബി മലയിൽ പറയുന്നു.
എന്നാൽ റീ റിലീസ് ചെയ്യാൻ മാത്രമുള്ള ക്വാളിറ്റിയില്ലെങ്കിൽ സിനിമ വിജയിക്കില്ലെന്നും സിബി മലയിൽ പറഞ്ഞു. ഒ.ടി.ടി സിനിമകളുടെ ട്രെൻഡ് ആദ്യമായി വന്നപ്പോഴും ഇങ്ങനെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സിനിമയിലെ ആളുകൾക്ക് ഇത്തരത്തിലുള്ള കുഴപ്പങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട്. ഒരുകാലത്ത് ഒ. ടി. ടിയിൽ സിനിമ വരുന്നു എന്ന് പറഞ്ഞപ്പോൾ ഒ. ടി. ടിക്കാർ സിനിമയെടുക്കുമെന്ന് പറഞ്ഞ് ഒരുപാടാളുകൾ സിനിമ എടുക്കാൻ വന്നു.
നമ്മുടെ തന്നെ ചില നിർമാതാക്കൾ വന്ന്, ഇപ്പോൾ തന്നെ ഒ.ടി.ടിയിൽ വിറ്റാൽ നല്ല കാശ് കിട്ടുമെന്ന് പറഞ്ഞ് സിനിമകൾ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. അങ്ങനെയൊരു കാഴ്ചപ്പാടിൽ സിനിമയെടുക്കാൻ കുറെ നിർമാതാക്കളൊക്കെ മുന്നോട്ട് വന്നിരുന്നു.
അത്തരം സിനിമകൾ എടുക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാടാളുകൾ നമ്മുടെ ഭാഗത്തും ഉണ്ടായി. അദ്യം കുറെ സിനിമകളൊക്കെ ഒ.ടി.ടിയിൽ വന്ന് പോയി. പിന്നെ ഒ.ടി.ടിയുടെ ആളുകൾക്കും മനസിലായി ഇത് അധികം വർക്കാവില്ലെന്ന്. ഇപ്പോൾ അന്ന് കാശ് മുടക്കിയെടുത്ത ഒരുപാട് സിനിമകൾ ഒ.ടി.ടിക്കാരും തിയേറ്റർക്കാരും എടുക്കാതെ കിടക്കുന്നുണ്ട്.
അത്തരം ഒരു ട്രെൻഡാണ് ഇപ്പോൾ സംഭവിക്കാൻ പോവുന്നത്. ഞാൻ ഒരു പ്രവചനം പോലെ പറയുകയാണ്, ദേവദൂതന്റെ വിജയം കണ്ടിട്ട് ഒരുപാട് പേരിപ്പോൾ ഇറങ്ങിയിട്ടുണ്ട്. ഞാൻ അവരെയാരെയും കുറച്ച് കാണുകയല്ല. പക്ഷെ അത് ഡിമാൻഡ് ചെയ്യുന്ന ഒരു ക്വാളിറ്റിയിൽ വന്നില്ലെങ്കിൽ ആ സിനിമ റിജെക്റ്റ് ചെയ്യപ്പെടും,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil talk about rerelease Trend In Malayalam Cinema