| Friday, 26th July 2024, 8:25 pm

ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു മിറാക്കിൾ; മോഹൻലാൽ ചിത്രത്തെ കുറിച്ച് സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ ഇന്ന് വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.

വർഷങ്ങൾക്കിപ്പുറം 4കെ റീ മാസ്റ്റേർഡായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഒരുപക്ഷെ ഇത് ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. അന്ന് ജനിക്കുക പോലും ചെയ്യാത്ത തലമുറ സിനിമ കാണാൻ ആഗ്രഹിക്കുന്നുവെന്നത് ഒരു മിറാക്കിൾ സംഭവമാണെന്നും തന്റെ ആദ്യ സിനിമയെന്ന സ്വപ്നം മുഴുവനുള്ള സിനിമയാണ് ദേവദൂതനെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപക്ഷെ ഇത് ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഒരിക്കൽ പരാജയപ്പെട്ട സിനിമ, ടോട്ടലി തിയേറ്ററിറിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ റിജെക്ട് ചെയ്യപ്പെട്ട ഒരു സിനിമ ഒരു 24 വർഷത്തിന് ശേഷം ഇറങ്ങുന്നത്.

അതും അന്ന് കാണാനും തിരിച്ചറിയാനും കഴിയാത്ത ഒരു തലമുറ അത് കാണാൻ ആഗ്രഹിക്കുന്നു എന്നത് ഒരു മിറാക്കിൾ സംഭവമാണ്. എന്നെ സംബന്ധിച്ച് ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന കാര്യമാണത്. കാരണം സത്യത്തിൽ ഇതാണ് എന്റെ ആദ്യ ചിത്രം.

എന്റെ ആദ്യത്തെ സിനിമക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയ കഥയാണിത്. ഏകദേശം 1982ൽ 42 വർഷങ്ങൾക്ക് മുമ്പ്. ആദ്യത്തെ പ്രണയം വളരെ സ്പെഷ്യലാണെന്ന് പറയുന്ന പോലെ എന്റെ ആദ്യത്തെ സിനിമയെ കുറിച്ചുള്ള ഒരുപാട് സ്വപ്നങ്ങൾ ഞാൻ ഇതിനകത്ത് ഉണ്ടാക്കിയിട്ടുണ്ട്.

കഥ എഴുതുന്ന സമയം തൊട്ട് ഓരോ സീൻ എഴുതുമ്പോഴും ഞാനും രഘുവും തമ്മിൽ അതിനെ മനസിൽ കാണാൻ തുടങ്ങും. അന്ന് തുടങ്ങിയ വിഷ്വലൈസേഷനാണത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Re Realese Of Devadhoothan Movie

We use cookies to give you the best possible experience. Learn more