മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലുള്ള വേഷമാണ് സദയത്തിലെ സത്യനാഥൻ. എം. ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലുള്ള വേഷമാണ് സദയത്തിലെ സത്യനാഥൻ. എം. ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് നിരവധിയാളുകൾ ഇന്നും സംസാരിക്കാറുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ.
കാണുന്ന ഓരോരുത്തരും അമ്പരന്ന് പോവുന്ന ഷോട്ടായിരുന്നു അതെന്നും മോഹൻലാൽ അയാളുടെ മുഴുവൻ ഇൻപുട്ടും നൽകിയാണ് അതിൽ അഭിനയിച്ചതെന്നും സിബി മലയിൽ പറയുന്നു.
രണ്ടാമതൊരു ഷോട്ട് എടുക്കാൻ ഇടയുണ്ടാവരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും മോഹൻലാലിന്റെ പ്രകടനം കണ്ട് അത്ഭുതത്തോടെ നോക്കി നിന്നെന്നും സിബി പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്. ആ ഷോട്ട് ഞാൻ എടുത്തിരിക്കുന്നത് ക്ലോസ് ആയിട്ടാണ്. അയാൾ കരഞ്ഞു കൊണ്ട് താഴേക്ക് ഇരിക്കുമ്പോൾ അയാളുടെ കൂടെ തന്നെ ക്യാമറയും താഴേക്ക് വരുകയാണ്. അതൊരു ചെറിയ ക്രയിൻ വെച്ചാണ് ഷൂട്ട് ചെയ്തത്.
ഒരു ഹെവി ആയിട്ടുള്ള സീനാണ് എടുക്കുന്നത്. അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല. കാരണം അയാളുടെ മുഴുവൻ ഇൻപുട്ടുമുള്ള ഷോട്ടാണ് അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഒരു ടെക്നിക്കൽ ഇറർ കൊണ്ട് രണ്ടാമതൊരു ഷോട്ട് എടുക്കാൻ ഇടയുണ്ടാവരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.
ക്യാമറമാനെ ഞങ്ങൾ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇയാൾ എപ്പോഴാണ് താഴേക്ക് ഇരിക്കാൻ പോകുന്നതെന്ന് അറിയില്ല. സത്യത്തിൽ നമ്മൾ ക്യാമറയുടെ പുറകിലാണ് ഉള്ളതെന്ന് മറന്നിട്ട് മോഹൻലാലിന്റെ മുഖം കണ്ട് അമ്പരന്ന് നിന്ന് പോവുകയാണ്,’ സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Performance Of Mohanlal In Sadhayam Movie