| Saturday, 17th August 2024, 9:44 am

ആ ക്ലൈമാക്സിന്റെ ധൈര്യം ലാൽ, മറ്റൊരാൾക്കും അങ്ങനെ ചെയ്ത് ഫലിപ്പിക്കാൻ കഴിയില്ല: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതാദാസ് – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ മികച്ച സിനിമയാണ് ദശരഥം. മോഹൻലാലിന്റെ ഗംഭീര പ്രകടനം കണ്ട സിനിമ കൂടിയായിരുന്നു ദശരഥം. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന രംഗമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌ സീൻ. ഒരു പ്രത്യേക മാനസികാവസ്ഥയിൽ നിൽക്കുന്ന മോഹൻലാലിന്റെ ഒരു ക്ലോസ് അപ്പ് ഷോട്ടിലാണ് ചിത്രം അവസാനിക്കുന്നത്.

മോഹൻലാൽ ആയതുകൊണ്ട് മാത്രമാണ് സിനിമ അങ്ങനെ അവസാനിപ്പിക്കാൻ കഴിഞ്ഞതെന്നും അങ്ങനെ ഒരു ക്ലൈമാക്സിൽ മറ്റൊരു ചിത്രവും അവസാനിച്ചിട്ടില്ലെന്നും സിബി മലയിൽ പറയുന്നു. അതിന് ധൈര്യം തന്നത് മോഹൻലാൽ ആണെന്നും മറ്റൊരാൾക്കും ആ സീൻ അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും സിബി മലയിൽ മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ആ ക്ലൈമാക്സ്‌ ചെയ്യാനുള്ള ധൈര്യം ലാൽ തന്നെയായിരുന്നു. ലാൽ എന്ന അഭിനേതാവായിരുന്നു. കാരണം നമ്മൾ അതിന് മുമ്പ് ഒരു സിനിമയിലും നായകന്റെ ചിരിയും കരച്ചിലുമല്ലാത്ത ഒരു ക്ലോസ് അപ്പ് ഷോട്ടിൽ അവസാനിപ്പിച്ചിട്ടില്ല. അങ്ങനെ ഒന്ന് അതിന് മുമ്പ് സംഭവിച്ചിട്ടില്ല.

അതിനുള്ള ധൈര്യം തന്നത് ലാലാണ്. അദ്ദേഹം അത്രയും വിശ്വസനീയമായ രീതിയിൽ ചെയ്യുമെന്ന് ബോധ്യമുണ്ടായിരുന്നു. ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്യുന്നത് ഏറ്റവും അവസാനത്തെ ദിവസമാണ്. ആ കഥാപാത്രത്തിന്റെ അതുവരെയുള്ള മോഡിൽ നിന്ന് അയാൾ മാറുന്നുണ്ട്.

അതുവരെ അയാൾ, ഒരു വിധത്തിലുമുള്ള അച്ചടക്കമില്ലാത്ത, ജീവിതത്തെ കുറിച്ച് അങ്ങനെ ഒരു ചിന്തയുമില്ലാത്ത ഒന്നിനെ കുറിച്ചും ഒരു തീരുമാനം എടുക്കാൻ പോലും കഴിയാത്ത ഒരു ക്യാരക്ടറാണ്.

അയാളുടെ ശരീരഭാഷയിൽ പോലും അത് കാണാൻ കഴിയും. ഒറ്റ കാലിൽ നിൽക്കും. നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കുകയില്ല. തീരുമാനങ്ങൾ പെട്ടെന്ന് മാറ്റും. ഒരു റൂമിൽ കയറിയാൽ എവിടെ ഇരിക്കണമെന്ന് അയാൾക്ക് കൺഫ്യൂഷനാണ്. അങ്ങനെ ഒരാളാണ്. അതൊക്കെ മുഴുവനായി മെയിൻറ്റൈൻ ചെയ്യാൻ കഴിഞ്ഞു.

അങ്ങനെ തിരിച്ചറിവിലേക്ക് എത്തുന്ന സീനാണ് അത്. ഒരു അമ്മയും കുഞ്ഞും തമ്മിൽ അത്രയും ബോണ്ടിങ് ഉണ്ടാവുന്നത് അയാൾ തിരിച്ചറിയുന്നത് അപ്പോഴാണ്. അപ്പോഴാണ് അയാൾ അയാൾക്കില്ലാതെ പോയ അമ്മയെ കുറിച്ച് ഓർത്ത് മാഗിയോട് ചോദിക്കുകയും ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ വലിയ മാറ്റം നടക്കുന്ന സാഹചര്യമാണത്. അതിൽ കൂടുതൽ നന്നായി ആർക്കാണ് അത് അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുക,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Performance Of Mohanlal In dasharadham Movie Climax

We use cookies to give you the best possible experience. Learn more