| Wednesday, 10th April 2024, 9:09 am

അതിഗംഭീരമായി മോഹൻലാൽ കിരീടം ചെയ്തിരുന്നു, എന്നാൽ അതിന്റെയും മുകളിലേക്ക് പോയത് ആ സിനിമയിലാണ്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു.

സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങിയിരുന്നു.

കിരീടത്തിൽ മോഹൻലാൽ ഗംഭീര പ്രകടനമായിരുന്നുവെന്നും എന്നാൽ അതിന് മുകളിലേക്ക് പോയത് ചെങ്കോലിലെ പ്രകടനമാണെന്നും സിബി മലയിൽ പറയുന്നു. ചെങ്കോലിലേക്ക് വരുമ്പോഴുള്ള ഒരു നടന്റെ വളർച്ചയിലേക്ക് അതിഗംഭീരമായി മോഹൻലാൽ വന്നെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹൻലാൽ കിരീടത്തിൽ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാൻ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളർച്ചയുണ്ട്. ഗംഭീരമായിട്ട് മോഹൻലാൽ അതിലേക്ക് വന്നു. എനിക്ക് സത്യത്തിൽ കിരീടത്തെക്കാൾ സെക്കന്റ്‌ പാർട്ട്‌ ഇഷ്ടമാണ്. ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാൽ രണ്ടാംഭാഗം എനിക്കും എഴുത്തുകാരനും അഭിനേതാവിനുമെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു,’സിബി മലയിൽ പറയുന്നു.

ചെങ്കോലിൽ സേതുമാധവൻ ഒരുപാട് ദുരന്തങ്ങളിലൂടെ കടന്നുപോയ ആളാണെന്നും ഒരുപാട് ട്രോമയിലൂടെ കടന്നുപോയ ആളാണ് അയാളെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

‘ആദ്യത്തെ സിനിമയിലെ സേതുമാധവൻ ബോയ് നെക്സ്റ്റ് ഡോർ എന്ന് പറയുന്ന പോലെ ഒരു സാധാരണക്കാരൻ ആയിരുന്നു. അയാൾക്ക് ഒരു ഹിസ്റ്ററിയില്ല ബാക്ക്ഗ്രൗണ്ട് ഇല്ല. സാധാരണ ഒരു മിഡിൽ ക്ലാസ്സ്‌ ചെറുപ്പക്കാരനുമുണ്ടാവുന്ന ജീവിതാനുഭവങ്ങളുള്ള ഒരാളാണ് സേതു മാധവൻ.

പക്ഷെ രണ്ടാം ഭാഗമായ ചെങ്കോലിലേക്ക് വരുമ്പോൾ ഏഴ് വർഷം കഴിഞ്ഞു ജയിലിൽ നിന്ന് ഇറങ്ങുകയാണ് സേതുമാധവൻ. അതുകൊണ്ട് തന്നെ അതിന്റെ ഒരു ട്രോമയിലൂടെയെല്ലാം അയാൾ കടന്ന് പോയിട്ടുണ്ടാവും. ജീവിതത്തിന്റെ എല്ലാ കറുത്ത ഡാർക്ക്‌ സൈഡിലൂടെയും കടന്ന് പോയ ഒരാളാണ്. അത്രയും വലിയൊരു ദുരന്തത്തിലൂടെ കടന്ന് പോയ ഒരു മനുഷ്യനാണ്,’ സിബി മലയിൽ പറഞ്ഞു.

Content Highlight: Sibi Malayil Talk About Performance Of Mohanlal In Chenkol

We use cookies to give you the best possible experience. Learn more