മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി കടന്നുവന്ന അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ്.
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി കടന്നുവന്ന അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ്.
പടയോട്ടം എന്ന സിനിമയിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. ജിജോ പുന്നൂസ് ഒരുക്കിയ പടയോട്ടത്തിൽ സഹ സംവിധായകനായിരുന്നു സിബി. ചിത്രത്തിൽ നിന്ന് നടൻ സോമൻ പിന്മാറിയപ്പോൾ അതിന് പകരമായി വന്നത് മമ്മൂട്ടിയായിരുന്നു.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രം കണ്ടിട്ടാണ് മമ്മൂട്ടിയിലേക്ക് എത്തുന്നതെന്നും അന്ന് അദ്ദേഹം മുഹമ്മദ് കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നതെന്നും സിബി പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പടയോട്ടത്തിൽ നിന്ന് എം.ജി. സോമൻ പിന്മാറി. ആ വേഷത്തിലേക്ക് മറ്റൊരു നടനെ ആവശ്യമായി വന്നു. സിനിമ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പ്രശ്‌നം. ഇക്കാര്യങ്ങളൊക്കെ ഞാൻ വീട്ടിൽ പറയാറുണ്ടായിരുന്നു. ആയിടയ്ക്ക് വീട്ടിൽ നിന്ന് ഞങ്ങളെല്ലാവരും കൂടി ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമ കണ്ടിരുന്നു. പുതിയ നടനെ തേടുന്ന കാര്യം പറഞ്ഞപ്പോൾ എൻ്റെ അമ്മ ചോദിച്ചു ആ സിനിമയിൽ കുടിയനായി അഭിനയിച്ച ചെറുപ്പക്കാരനെ നോക്കിക്കുടേ എന്ന്.
അത് ശരിയാണല്ലോ എന്ന് എനിക്ക് തോന്നി. സിനിമാവാർത്തകൾ തപ്പി നോക്കി. നടൻ്റെ പേര് പി.ഐ.മുഹമ്മദ് കുട്ടി എന്നാണെന്നും വക്കീലാണെന്നും കൊച്ചിയിലാണ് ഉള്ളതെന്നും അറിഞ്ഞു. അങ്ങനെ നടനെ സെറ്റിലേക്ക് വിളിപ്പിച്ചു. മുഹമ്മദ് കുട്ടിയെ ഒലവക്കോട് സ്‌റ്റേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഡ്രൈവർക്കൊപ്പം ഞാനും പോയി.
ഞാൻ മാത്രമേ അയാളെ സിനിമയിൽ കണ്ടിട്ടുള്ളൂ. മദ്രാസ് മെയിൽ സ്‌റ്റേഷനിലേക്ക് വന്നു. ഫസ്റ്റ് ക്ലാസ് കംപാർട്‌മെൻ്റിൻ്റെ വാതിൽക്കൽ ജുബ്ബയൊക്കെയിട്ട് സഞ്ചിയും തൂക്കി ഉയരമുള്ളൊരാൾ നിൽക്കുന്നു. അയാൾ ഇറങ്ങി വന്നു. മുഹമ്മദ്കുട്ടിയല്ലേ, എന്ന് ഞാൻ ചോദിച്ചു. അതേ എന്ന് ഉത്തരം. വണ്ടിയിൽ കയറിയതും മുഹമ്മദ്‌കുട്ടിക്ക് പിന്നെ സംശയങ്ങളായി.
ഞാൻ ആരാണെന്നും സിനിമയിൽ പുള്ളിയുടെ വേഷം എന്താണെന്നുമൊക്കെ. സെറ്റിൽ എത്തി. നസീർ സാറിനൊപ്പമുള്ള വേഷമാണെന്നും കഥാപാത്രത്തിൻ്റെ രണ്ട് കാലങ്ങളാണ് സിനിമയിൽ ഉളളതെന്നും പറഞ്ഞു. പ്രായമാകുമ്പോൾ മകനായി മോഹൻലാലും ഉണ്ടെന്ന് പറഞ്ഞു. ങേ, മോഹൻലാലിന്റെ അച്ഛനോ, അദ്ദേഹം ഒന്ന് ഞെട്ടി. ആ മുഹമ്മദ് കുട്ടി പിന്നെ മെഗാസ്റ്റാർ മമ്മൂട്ടിയായി വളർന്നു,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Padayottam Movie And Mammootty