സിബി മലയിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ സിനിമയായിരുന്നു ഇഷ്ടം. നടി നവ്യ നായർ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലേക്ക് നവ്യയെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.
ഒരു ആഴ്ച്ചപതിപ്പിന്റെ കവർ ഫോട്ടോ കണ്ടിട്ടാണ് നവ്യയെ ചിത്രത്തിന്റെ ഓഡിഷന് വേണ്ടി വിളിക്കുന്നതെന്നും സിനിമയ്ക്ക് വേണ്ടിയാണ് ധന്യ എന്ന പേര് മാറ്റി നവ്യയാക്കിയതെന്നും സിബി പറയുന്നു. സിനിമയ്ക്കായി മുടിയിലും ഡ്രസ്സിങ്ങിലും മാറ്റങ്ങൾ വരുത്തണമെന്ന് പറഞ്ഞപ്പോൾ നവ്യക്ക് പ്രയാസമായിരുന്നുവെന്നും സിബി പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇഷ്ടം സിനിമയിലേക്ക് ഒരു നായികയ്‌ക്ക് വേണ്ടി ഞങ്ങൾ ഓഡിഷൻ നടത്തിയിരുന്നു. പക്ഷെ ആരെ തെരഞ്ഞെടുക്കുമെന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് പ്രൊഡക്ഷൻ മാനേജരായ സിദ്ധു പനയ്ക്കൽ വന്ന് ആ ആഴ്ചയിലെ മനോരമ ആഴ്ചപതിപ്പിലെ കവർ ഫോട്ടോയിലെ കുട്ടിയെ ഒന്ന് നോക്കുമോ എന്ന് എന്നോട് ചോദിക്കുന്നത്.
നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായി. അന്വേഷിച്ചപ്പോൾ ആ കുട്ടി ഹരിപ്പാട് ചേപ്പാട് എന്ന സ്ഥലത്തുള്ള ഒരു കുട്ടിയാണെന്ന് അറിഞ്ഞു. അങ്ങനെ നവ്യ മാതാപിതാക്കളോടൊപ്പം ഓഡിഷന് വേണ്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. നവ്യ അതിഗംഭീരമായി ഞങ്ങളുടെ മുന്നിൽ പെർഫോം ചെയ്തു. നവ്യ യൂത്ത് ഫെസ്റ്റിവലിന്റെ സമയത്ത് ചെയ്ത ചില ഐറ്റങ്ങളായിരുന്നു കാണിച്ചത്. വളരെ ആത്മ വിശ്വാസം ഉണ്ടായിരുന്നു ആ കുട്ടിക്ക്.
ഒടുവിൽ ഓഡിഷന് ശേഷം നവ്യ തന്നെ മതിയെന്ന് ഞങ്ങൾ തീരുമാനിക്കുകയും നാട്ടിലേക്ക് പോയ നവ്യയെ ഞങ്ങൾ തിരിച്ചു വിളിക്കുകയും ചെയ്തു. നവ്യ തിരിച്ചു വന്നു. ഞങ്ങൾ ഡ്രസ്സിന്റെ അളവൊക്കെ എടുത്ത് നോക്കി. ആ സമയത്ത് നവ്യയുടെ പേര് ധന്യാ എന്നായിരുന്നു.
ധന്യ എന്ന് പേരുള്ള കുട്ടി ആ സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നു. എന്റെ തന്നെ ദേവദൂതനിലെല്ലാം അഭിനയിച്ച നടിയാണ് അത്. അതുകൊണ്ട് ആ പേരിൽ ഒരു നടി നിലവിൽ ഉള്ളപ്പോൾ അതേ പേരുള്ള മറ്റൊരാൾ വന്നാൽ കൺഫ്യൂഷൻ ഉണ്ടാവുമെന്നുള്ളത് കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് തീരുമാനിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു.
അങ്ങനെ അവർ തന്നെയാണ് പിന്നീട് ധന്യ എന്ന പേര് മാറ്റി നവ്യാ നായർ എന്നാക്കുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന ആളായിരുന്നു നവ്യ. പക്ഷെ സിനിമയിലെ കഥാപാത്രം അമേരിക്കയിൽ നിന്നൊക്കെ തിരിച്ചു വരുന്ന ഒരാളാണ് അതുകൊണ്ട് തന്നെ കുറച്ച് മോഡേൺ ആയിട്ടുള്ള അവിടെ പഠിച്ചു വളർന്ന ഒരു കുട്ടി ഇടുന്ന തരത്തിലുള്ള ഡ്രസ്സുകളൊക്കെ വേണം.
നവ്യക്ക് അന്ന് ഒരുപാട് നീളത്തിൽ മുടി ഉണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തിന് അത് ചേരാത്തത് കൊണ്ട് മുടി വെട്ടാൻ പറഞ്ഞപ്പോൾ നവ്യക്ക് നല്ല പ്രയാസമായിരുന്നു. പിന്നെ എല്ലാവരും പറഞ്ഞു, മുടിയല്ലേ അത് പിന്നെയും വളരുമെന്ന്.
പിന്നെ സ്ലീവ്‌ലെസ് എടുത്തു കൊടുത്തപ്പോൾ അതെല്ലാം ഇടാൻ ഭയങ്കര പ്രയാസമാണെന്ന് പറഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു. സ്ലീവ്‌ലെസ് എന്നത് ഒരു മോശപ്പെട്ട വസ്ത്രം ഒന്നുമല്ലല്ലോ. സാധാരണ ചെറുപ്പക്കാരി കുട്ടികൾ ഇടുന്ന ഡ്രസ്സ് തന്നെയല്ലേ എന്നായിരുന്നു ഞാൻ ചോദിച്ചത്.
ആദ്യമൊക്കെ അല്പം മടി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പതുക്കെ അതുമായെല്ലാം ചേർന്ന് നല്ല രീതിയിൽ ആ കഥാപാത്രത്തെ ചെയ്യാൻ നവ്യയ്ക്ക് കഴിഞ്ഞു,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Navya Nair