മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ,കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സിയാദ് കോക്കർ ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം നിർമിച്ചത്.
ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രത്തിലെ മോഹൻലാലിന്റെ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. മോഹൻലാലിനെ കാണിക്കുന്ന സീനിലേക്ക് എത്തുമ്പോൾ തന്നെ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് പ്രേക്ഷകർക്ക് തോന്നിയിരുന്നുവെന്നും മോഹൻലാലിനെ കാണിച്ചപ്പോൾ തിയേറ്ററിൽ വലിയ ബഹളമായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.
വിദ്യാസാഗറിന്റെ മ്യൂസിക്കിൽ മോഹൻലാലിനെ കാണിക്കുന്ന ആ സീൻ കാണുമ്പോൾ എല്ലാവരെയും പോലെ തനിക്കും രോമാഞ്ചം തോന്നാറുണ്ടെന്നും സിബി മലയിൽ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയിലിലേക്ക് മഞ്ജുവും സുരേഷും കൂടെ വരുമ്പോൾ തൊട്ട് തന്നെ കാണുന്ന പ്രേക്ഷകർക്ക് എന്തോ സ്മെൽ ചെയ്യാൻ തുടങ്ങിയെന്നാണ് സിയാദ് കോക്കർ പറഞ്ഞു. കാരണം ആ സീനിൽ ഒരു മ്യൂസിക്കുണ്ട്. ആ മ്യൂസിക്കിൽ എന്തോ ഒരു സാധനം കൂടെ വരുന്നു എന്നൊരു തോന്നൽ കൂടെ ഉണ്ടായിരുന്നു.
അപ്പോൾ തൊട്ട് ആളുകൾ തിയേറ്ററിൽ ഒരു അനക്കം തുടങ്ങിയിരുന്നു. പക്ഷെ ലാലിന്റെ ആ ഷോട്ട് വന്നതോടെ തിയേറ്റർ പൊളിഞ്ഞു പോവുമെന്ന് വിചാരിച്ചു. കാരണം അത്രയും ബഹളമായിരുന്നു. ഞാൻ ആ ഷോട്ട് വെച്ചിരിക്കുന്നത് ജയിലിന്റെ നെറ്റ് ഫോക്കസ് ചെയ്തുകൊണ്ടാണ്.
ലാൽ അവിടേക്ക് വരുമ്പോഴേക്കും ഫോക്കസ് ഷിഫ്റ്റ് ആവുന്നുണ്ട്. ആ ഷിഫ്റ്റ് ആവുന്ന അതേ സമയത്ത് കൃത്യമായി വിദ്യാസാഗറിന്റെ ഒരു മ്യൂസിക്കുണ്ട്. ആ മ്യൂസിക്കും ആ ഷിഫ്റ്റും ലാലിന്റെ മുഖവും കൂടെ വരുമ്പോഴേക്കും നമുക്കൊരു രോമാഞ്ചം തോന്നും.
എനിക്ക് പോലും അത് കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്. കാരണം നമ്മൾ ചെയ്തതാണെങ്കിലും പലവട്ടം കണ്ടതാണെങ്കിലും അപ്പോൾ അങ്ങനെയൊരു ഷോട്ട് വെക്കാൻ എനിക്ക് തോന്നിയതും അതിന് ഏറ്റവും യോജിച്ച ഒരു മ്യൂസിക്ക് തരാൻ വിദ്യാസാഗറിന് സാധിച്ചതും ലാലിന് അങ്ങനെ ഒരു അപ്പിയറൻസ് തരാൻ തോന്നിയതുമെല്ലാമാണ് അത്ര ഭംഗിയായി ആ സീൻ വരാൻ കാരണം,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Mohanlal’s Scene In Summer In Bethlehem Movie