| Saturday, 3rd February 2024, 3:55 pm

ആ കാര്യം ശരിയാണ്, ഒരു സീനിന് മുമ്പും ശേഷവും ലാൽ വളരെ സാധാരണക്കാരനായ ഒരാളാണ്, എന്നാൽ..: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിനും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ – സിബി മലയിൽ. മോഹൻലാൽ എന്ന താരത്തേക്കാൾ നടനെ ഉപയോഗിച്ച സംവിധായകനാണ് സിബി മലയിൽ.

കിരീടം, സദയം, കമലദളം, ഭരതം, ദശരഥം തുടങ്ങി മോഹൻലാലിനെ നടനെ അടയാളപെടുത്തിയ സിനിമകളാണ് സിബിയിൽ നിന്ന് മോഹൻലാലിന് ലഭിച്ചിട്ടുള്ളത്.

മോഹൻലാലിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ. മോഹൻലാൽ പരിശീലനം കിട്ടിയ നടൻ അല്ലെന്നും അതുകൊണ്ട് തന്നെ ഒരു സീനിന് വേണ്ടി തയ്യാറാവാൻ അദ്ദേഹത്തിന് കഴിയില്ലെന്നും സിബി മലയിൽ പറയുന്നു.

വളരെ ഇമോഷണലായ സീനുകളിൽ അഭിനയിക്കുന്നതിന് തൊട്ട് മുമ്പ് പോലും ഒരു സാധാരണക്കാരനെ പോലെയായിരിക്കും മോഹൻലാലെന്നും സിബി മലയിൽ പോപ്പർ സ്റ്റോപ്പ്‌ മലയാളത്തിനോട് പറഞ്ഞു.

‘മോഹൻലാലിനെ പറ്റി എല്ലാവരും പറയുന്നത് ശരിയാണ്. ലാൽ ഒരു പരിശീലനം കിട്ടിയ നടൻ ഒന്നുമല്ല. അതുകൊണ്ടുതന്നെ ഒരു സീനിനു വേണ്ടി തയ്യാറായി അഭിനയിക്കാൻ ലാലിന് കഴിയില്ല. ഒരു സീനിനും അങ്ങനെ തയ്യാറെടുപ്പ് നടത്തുന്നത് ഞാൻ കണ്ടിട്ടില്ല. ഷോട്ടിന് മുമ്പും ഷോട്ടിനു ശേഷവും ലാൽ വളരെ സാധാരണക്കാരനായിട്ടുള്ള ഒരാളാണ്.

വളരെ ഇമോഷണൽ ആയിട്ടുള്ള രംഗം എടുക്കുമ്പോഴും അതിന് തൊട്ടുമുമ്പ് വരെ അദ്ദേഹത്തിന്റെ മാനസിക നില വളരെ സാധാരണമായിരിക്കും. ലാൽ എപ്പോഴും വളരെ വൈബ്രന്റായിട്ടുള്ള ഒരാളാണ്. എന്നാൽ കഥാപാത്രത്തിലേക്ക് എത്തുമ്പോൾ ലാൽ മറ്റൊരാളാണ്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Mohanlal

We use cookies to give you the best possible experience. Learn more