മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.
സിബി മലയിലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രങ്ങളായിരുന്നു ഓഗസ്റ്റ് ഒന്നും പരമ്പരയും. രണ്ടിന്റെയും തിരക്കഥ ഒരുക്കിയത് എസ്. എൻ സ്വാമിയായിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്ന് വലിയ വിജയമായപ്പോൾ പരമ്പര പ്രതീക്ഷിച്ച വിജയം നേടിയില്ല.
പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. ഒട്ടും താത്പര്യമില്ലാതെ ചെയ്ത ചിത്രമാണ് പരമ്പരയെന്നും നിർമാതാവ് വലിയ സമ്മർദ്ദം തന്നിട്ടാണ് ആ ചിത്രം ചെയ്തതെന്നും സിബി പറയുന്നു. ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോൾ ചെയ്തതും ഒരു വലിയ ഭാരമായെന്നും സിബി പറഞ്ഞു. റെഡ്.എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരമ്പര എന്ന സിനിമ ഞാന്‍ ഒട്ടും താത്പര്യത്തില്‍ ചെയ്തതായിരുന്നില്ല. അന്ന് പ്രൊഡ്യൂസര്‍ വലിയ രീതിയില്‍ പ്രഷറ് ചെയ്യുകയായിരുന്നു. അദ്ദേഹം സ്വാമിയിലും എന്നിലുമുള്ള വിശ്വാസത്തിന് പുറത്താണ് ആ സിനിമ ചെയ്യാന്‍ പറഞ്ഞത്.
ഓഗസ്റ്റ് ഒന്നിന്റെ സക്‌സസ് വെച്ചിട്ടാണ് ആ കോമ്പിനേഷന്‍ വര്‍ക്കാകുമെന്ന് അദ്ദേഹം പറയുന്നത്. പക്ഷെ ആ കഥയുടെ ആദ്യം തൊട്ടേ ഈ പരിപാടി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അതില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തതോടെ വലിയ ഭാരമാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.
അതേസമയം കാത്തിരിപ്പിനൊടുവിൽ സിബി മലയിൽ ചിത്രം ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.
Content Highlight: Sibi Malayil Talk About Mammooty’s Parambara Movie