| Thursday, 4th April 2024, 11:27 am

മമ്മൂട്ടി നല്ല കഥകൾ അന്വേഷിച്ച് നടക്കുമ്പോൾ മോഹൻലാൽ തന്നിലേക്ക് വരുന്നതിൽ നല്ലതെടുക്കാൻ ശ്രമിക്കുകയാണ്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.

മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറയുകയാണ് സിബി മലയിൽ. മോഹൻലാൽ ഒരു നാച്ചുറൽ ആക്ടർ ആണെന്നും എന്നാൽ മമ്മൂട്ടി കഥാപാത്രങ്ങൾ തേടി കണ്ടെത്തി അഭിനയിക്കുന്ന വ്യക്തിയാണെന്നും സിബി മലയിൽ പറയുന്നു.


മോഹൻലാൽ തന്നിലേക്ക് എത്തുന്ന കഥകളിൽ നല്ലത് എടുക്കാനാണ് ശ്രമിക്കുകയെന്നും എന്നാൽ മമ്മൂട്ടി അതിനായി അന്വേഷിക്കുമെന്നും സമകാലിക മലയാളത്തോട് അദ്ദേഹം പറഞ്ഞു.

‘മോഹൻലാലിന് നാച്ചുറലായിട്ടാണ് എല്ലാം വരുക. അതിന് വേണ്ടി ഭയങ്കര സ്ട്രെയിൻ എടുക്കുന്ന ആളൊന്നുമല്ല മോഹൻലാൽ. അതുകൊണ്ട് മോഹൻലാൽ ഈസിയായി ചെയ്യാറുണ്ട്.

എന്നാൽ മമ്മൂട്ടിക്ക് ഈസിയായി ചെയ്യാൻ പറ്റില്ല എന്നല്ല. മമ്മൂട്ടിക്ക് എന്നും പുതിയത് പുതിയത് അടുത്തതെന്ത് എന്ന് ചിന്തിക്കുന്ന ഒരാളാണ്. മമ്മൂട്ടിയുടെ അടുത്ത് നമ്മൾ ചെല്ലുമ്പോൾ, ഇപ്പോൾ ചെയ്യുന്ന സിനിമയെ കുറിച്ചല്ല മമ്മൂട്ടിയുടെ ചിന്ത. അടുത്ത സിനിമയെ കുറിച്ചാണ്. അടുത്തത് ഇനി ഏത്‌ കഥാപാത്രമാണ്. എങ്ങനെയുള്ള വേഷമാണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെയാണ് നോക്കുക.

അത് അന്ന് തൊട്ടേ അങ്ങനെയാണ്. മമ്മൂട്ടി പറയുന്നത് ഞാൻ അങ്ങോട്ട് ചെന്ന് കഥാപാത്രങ്ങൾ ചോദിച്ചു വാങ്ങിക്കുകയാണെന്നാണ്. എന്നെയൊക്കെ അപ്രോച്ച് ചെയ്യാറുണ്ട് പലപ്പോഴും. ഏറ്റവും കൂടുതൽ പുതിയ ആളുകളെ കൊണ്ടുവരുന്നു. എവിടെ നിന്നാണ് നല്ലത് വരുകയെന്ന് അന്വേഷിച്ച് നടക്കുകയാണ്.

അങ്ങനെയൊന്ന് കിട്ടിയാൽ അപ്പോൾ പൊക്കും. ലാൽ അങ്ങനെ അന്വേഷിച്ച് നടക്കാറില്ല. ലാലിലേക്ക് എത്തുന്നതിൽ നല്ലത് എടുക്കാനാണ് ശ്രമിക്കാറുള്ളത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Mammootty And Mohanlal

We use cookies to give you the best possible experience. Learn more