മലയാളികൾക്ക് വ്യത്യസ്തങ്ങളായ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. മുത്താരം കുന്ന് പി. ഒ എന്ന കോമഡി ഴോണർ ചിത്രത്തിലൂടെ കടന്നുവന്ന സിബി മലയിൽ പിന്നീട് ലോഹിതാദാസ്, എം.ടി തുടങ്ങിയ എഴുത്തുകാരോടൊപ്പം ചേർന്ന് മികച്ച സിനിമകൾ സമ്മാനിക്കാൻ തുടങ്ങി.
പുതിയ കാലത്തെ മലയാള സിനിമയെ കുറിച്ച് പറയുകയാണ് സിബി മലയിൽ. മലയാള സിനിമയെ ഇപ്പോൾ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ പറയുന്നത്. മമ്മൂട്ടി തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും സിനിമകളും അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പരീക്ഷണങ്ങളിലൂടെ മമ്മൂട്ടി മലയാള സിനിമയെ മുന്നിൽ നിന്ന് ലീഡ് ചെയ്യുകയാണെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോഴത്തെ ഗോൾഡൻ ഇറയിൽ അതിനെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടിയാണെന്ന് പറയേണ്ടി വരും. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹം തെരഞ്ഞെടുക്കുന്നത്. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ മാത്രം നോക്കിയാൽ മതി.
മുമ്പ് ചെയ്ത ഒരു കഥാപാത്രത്തെയും അദ്ദേഹം വീണ്ടും ആവർത്തിക്കാൻ ശ്രമിച്ചിട്ടില്ല. പുഴുവാണെങ്കിലും, റോഷാർക്ക് ആണെങ്കിലും കണ്ണൂർ സ്‌ക്വാഡ്, ഇപ്പോൾ ഭ്രമയുഗം അതുപോലെ ലിജോയുടെ മുമ്പത്തെ പടമായ നൻപകൽ നേരത്തു മയക്കം, ഇതെല്ലാം എന്തൊരു വെറൈറ്റിയിലാണ് അയാൾ ചെയ്യുന്നത്.
ഞെട്ടിക്കുന്ന പ്രകടനവും കഥാപാത്രങ്ങളുമല്ലേ അദ്ദേഹം ചെയ്യുന്നത്. അത്തരം പരീക്ഷണങ്ങളിലൂടെ സിനിമയെ ലീഡ് ചെയ്ത് കൊണ്ടുപോവുന്നത് മമ്മൂട്ടി തന്നെയാണ്. അതിൽ പലരും പുതിയകാലത്തെ സംവിധായകരാണ്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Mammootty And His New Film Selections