| Sunday, 29th September 2024, 1:30 pm

രണ്ട് മണിക്കൂറിൽ ഉണ്ടായ ആ കഥ സിനിമയായപ്പോൾ മോഹൻലാലിന് ദേശീയ അവാർഡ് ലഭിച്ചു: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. സിബി മലയിൽ – ലോഹിതാദാസ് കൂട്ടുകെട്ടിൽ നിരവധി മികച്ച സിനിമകൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ പിറന്ന ഒരു സിനിമയാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ഭരതം.

ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് മോഹൻലാൽ നേടിയിരുന്നു. ഭരതം വെറും രണ്ട് മണിക്കൂർ കൊണ്ടുണ്ടാക്കിയ കഥയാണെന്ന് പറയുകയാണ് സിബി മലയിൽ.

ആദ്യം ചിത്രത്തിന് മറ്റൊരു കഥയായിരുന്നുവെന്നും പിന്നീടാണ് അത് മാറ്റണമെന്ന് തീരുമാനിക്കുന്നതെന്നും സിബി മലയിൽ പറയുന്നു. രണ്ട് മണിക്കൂർ കൊണ്ടുണ്ടാക്കിയ പുതിയ കഥയുടെ ഷൂട്ട് നാലാം ദിവസം ആരംഭിച്ചെന്നും സിനിമയുടെ നിർമാതാവ് മോഹൻലാൽ ആയിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരതം വെറും രണ്ട് മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ കഥയാണ്. രാവിലെ ഒമ്പത് മണിക്കാണ് ആദ്യത്തെ കഥ മാറ്റണമെന്നുള്ള ഒരു തീരുമാനം ഉണ്ടാവുന്നത്. ഒരു മണിക്കുള്ളിൽ പുതിയ കഥ തീരുമാനിച്ചു.

അത് എഴുതാനായിട്ട് അധികം സമയം വേണ്ടി വന്നില്ല. കഥ തീരുമാനിച്ച് നാലാം ദിവസം അതിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഈ കഥയാണ് ഞങ്ങൾ ചെയ്യേണ്ടതെന്ന ഒരു പൂർണ രൂപം നിർമാതാവായ മോഹൻലാലിന്റെ അടുത്തും അതിന്റെ വിതരണക്കാരോടും പറഞ്ഞ ശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്.

23ന് രാവിലെ തീരുമാനിച്ച കഥ 27ന് രാവിലെ ഏഴു മണിക്ക് ഷൂട്ട്‌ തുടങ്ങുകയാണ് ചെയ്തത്. അങ്ങനെയാണ് ഭരതം സിനിമ സംഭവിക്കുന്നത്,’സിബി മലയിൽ പറയുന്നു.

മോഹൻലാൽ, നെടുമുടി വേണു, ഉർവശി, മുരളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ഒരു ഫാമിലി ഡ്രാമയായിരുന്നു. ലോഹിതദാസ് രചന നിർവഹിച്ച ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡ് മോഹൻലാലിനും രാമഗഥാ എന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസും സ്വന്തമാക്കിയിരുന്നു.

Content Highlight: Sibi Malayil Talk About Making of Baratham Movie

Latest Stories

We use cookies to give you the best possible experience. Learn more