മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതാദാസ് ആയിരുന്നു.
സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും. സിനിമ പോലെ ജോൺസൺ മാഷ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കണ്ണീർ പൂവിന്റെ എന്ന ഗാനം കിരീടത്തിന്റെ ഒരു ആത്മാവ് തന്നെയാണ്. എന്നാൽ സിനിമകളിൽ പാട്ട് ഉൾപ്പെടുത്തുന്നതിൽ ആദ്യമൊന്നും തനിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നും അതിന് പിന്നിലെ യുക്തി തനിക്ക് മനസിലായില്ലെന്നും സിബി മലയിൽ പറയുന്നു.
അതിൽ മാറ്റം വരുന്നത് കിരീടത്തിലെ പാട്ടിലൂടെയാണെന്നും ആ ഗാനം ഒഴിവാക്കിയാൽ സിനിമ അപൂർണമാവുമെന്നും സിബി മലയിൽ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാട്ടുകൾ സിനിമയ്ക്ക് എന്തിനെന്ന ചിന്തയായിരുന്നു എനിക്ക്. അതിനുപിന്നിലെ യുക്തി എനിക്ക് വഴങ്ങിയില്ല. സിനിമയിൽ ഒഴിവാക്കാനാകാത്ത ചേരുവയായതുകൊണ്ടുമാത്രം എൻ്റെ ആദ്യസിനിമകളിൽ ഞാൻ പാട്ടിന് ഇടംകൊടുത്തു.
അതിനൊരു മാറ്റം വരുന്നത് കിരീടത്തിലൂടെ യാണ്. ‘കണ്ണീർപ്പൂവിൻ്റെ കവിളിൽ തലോടി’ എന്ന ഗാനം ഒഴിവാക്കിയാൽ ആ സിനിമ അപൂർണമാകും. ഏറെ ആസ്വദിച്ചാണ് ഞാൻ ആ പാട്ടിൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.
കിരീടം എന്നെ പാട്ടിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും പൂവച്ചൽ ഖാദറും കൈതപ്രവും ഉൾപ്പെടെയുള്ള എഴുത്തുകാരും ജോൺസൺ മാഷും രവീന്ദ്രൻമാഷും ഔസേപ്പച്ചനും മോഹൻ സിത്താരയും വിദ്യാസാഗറും ഉൾപ്പെടെയുള്ള സംഗീത സംവിധായകരും എൻ്റെ സിനിമകളു ടെ ഭാഗമായി,’സിബി മലയിൽ പറയുന്നു.
ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം എന്നിവയെല്ലാം ഗാനരംഗങ്ങൾ എടുക്കുന്നതിൽ സിബി മലയിൽ എന്ന ഫിലിം മേക്കറിന്റെ കഴിവ് കാണിച്ച് തന്ന ചിത്രങ്ങളാണ്.
Content Highlight: Sibi Malayil Talk About Kaneerpovinte Song From Kireedam Movie