മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മുത്താരം കുന്ന് പി.ഒ ആയിരുന്നു.
കോമഡി ഴോണറിൽ പ്പെട്ട ചിത്രത്തിനായി നടന്മാരായ ജഗദീഷും ശ്രീനിവാസനും ചേർന്നായിരുന്നു കഥ ഒരുക്കിയത്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രം പിന്നീട് പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെട്ടിരുന്നു.
ചിത്രം റിലീസായ ദിവസത്തെ കുറിച്ച് ഓർക്കുകയാണ് സിബി മലയിൽ. സിനിമ ഇറങ്ങിയ ദിവസം മറ്റ് രണ്ട് ചിത്രങ്ങളും റിലീസ് ആയിരുന്നെന്നും തന്റെ പടത്തിന് ആളില്ലായിരുന്നുവെന്നും സിബി പറയുന്നു. തിയേറ്റർ കാന്റീനിലെ പയ്യനാണ് തന്നോട് ആദ്യമായി ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതെന്നും സിബി മലയിൽ പറഞ്ഞു. കാസറ്റ് റിലീസായതിന് ശേഷം ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം ആളുകൾ പറഞ്ഞെന്നും സിബി സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
‘ഒരു പാരലൽ കോളേജ് പ്രിൻസിപ്പളും അയാളുടെ മകളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും, അതിലൊരു കുട്ടിയുമായിട്ടുള്ള പ്രണയവുമായിരുന്നു ജഗദീഷ് പറഞ്ഞ കഥ. ശ്രീനിവാസനാണ് അതിനെ പൊളിച്ച് മാറ്റിയിട്ട് ഗുസ്തിയുടെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരുന്നത്. അതാണ് ആ സിനിമയ്ക്ക് ഒരു ഫ്രഷ്നസ് നൽകിയത്. അല്ലെങ്കിൽ അതൊരു സാധാരണ പാരലൽ കോളേജ് കഥയായി മാറിയേനെ.
സിനിമക്ക് നല്ല അഭിപ്രായമൊക്കെ വന്നിരിന്നു. എന്നാൽ സാമ്പത്തികമായി ചിത്രം പരാജയപ്പെട്ടു. ആദ്യദിനം അത് റിലീസ് ചെയ്യുന്ന ദിവസം രണ്ട് വലിയ സിനിമകൾ അതിന് ഓപ്പോസിറ്റ് ഉണ്ടായിരുന്നു. വലിയ തിരക്ക് വരാൻ സാധ്യതയുള്ള ചിത്രങ്ങൾ ആയിരുന്നു അത്. അതിന്റെ കൂടെയാണ് ഞാൻ എന്റെ സിനിമ ഇറക്കിയത്.
മറ്റ് രണ്ട് സിനിമകൾക്കും വലിയ തിരക്കായിരുന്നു. ആളുകൾ മഴയത്ത് കുടയൊക്കെ പിടിച്ചാണ് വരി നിൽക്കുന്നത്. എന്റെ തിയേറ്ററിന്റെ മുന്നിൽ ആരുമില്ല. ഞാൻ അവിടത്തെ കാന്റീൻ പയ്യന്റെ അടുത്ത് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചു, ഇതൊരു ഗുസ്തി പടമാണ് സാർ അപ്പുറത്ത് പോയ്ക്കോളൂ എന്നായിരുന്നു അവൻ മറുപടി പറഞ്ഞത്. അതാണ് ആദ്യമായി എന്റെ പടത്തിന് കിട്ടുന്ന റിവ്യൂ.
ടി.വിയിലൊക്കെ പടം വന്നപ്പോൾ ആളുകൾ ഇത് കൊള്ളാമല്ലോയെന്ന് പറയും. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ മാത്രമല്ല അപ്പോഴും സിനിമയുടെ കാസറ്റൊക്കെ റിലീസ് ചെയ്യുന്നത് ഒന്നര വർഷമെല്ലാം കഴിഞ്ഞിട്ടാണ്. അതിനുശേഷം ആളുകൾ പടം കണ്ടിട്ട് വിളിച്ച് നല്ല അഭിപ്രായം പറയുമായിരുന്നു,’സിബി മലയിൽ പറയുന്നു
Content Highlight: Sibi Malayil Talk About His First Movie