മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.
മലയാള സിനിമയിലെ പുതിയ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. എല്ലാ താരങ്ങളും അവരുടേതായ രീതിയിൽ മികച്ചവരാണെന്നും ഭാഗ്യം കൊണ്ട് ഒരിക്കലും മലയാള സിനിമയിൽ നിൽക്കാൻ കഴിയില്ലെന്നും സിബി മലയിൽ പറയുന്നു. എന്നാൽ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫഹദ് ഫാസിൽ ആണെന്നും സിബി പറഞ്ഞു. സമയം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവരും അവരവരുടെ നിലയിൽ പൊട്ടൻഷ്യൽ ഉള്ള ആളുകളാണ്. അല്ലെങ്കിൽ ഇവിടെ നിലനിൽക്കാൻ കഴിയില്ലല്ലോ. ഭാഗ്യം കൊണ്ട് എത്ര കാലം നിൽക്കാൻ പറ്റും. നിൽക്കുന്നവരും സർവൈവ് ചെയ്യുന്നവരും കഴിവ് കൊണ്ട് നിൽക്കുന്നവരാണ്.
അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫഹദ് ഫാസിൽ തന്നെയാണ് തീർച്ചയായിട്ടും. കാരണം അത്രയും വെർസറ്റാലിറ്റിയുള്ള മറ്റൊരു ആക്ടർ ഇപ്പോൾ നമുക്കില്ല. ബാക്കിയുള്ള പലരും മുന്നോട്ട് വരുന്നുണ്ട്. ഭാവിയിൽ അവരെല്ലാം അവരുടേതായ രീതിയിൽ മുന്നോട്ട് വരാം.
ചിലർക്കൊക്കെ തീരുമാനങ്ങൾ എടുക്കുന്നതിലെ തെറ്റ് കൊണ്ട് ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കാണുന്ന പലർക്കും. എങ്കിലും ഔട്ട് സ്റ്റാൻഡിങായി, കൺസിസ്റ്റാന്റായി നമ്മളെ അമ്പരിപ്പിച്ചോണ്ട് അഭിനയിക്കുന്ന നടൻ ഫഹദ് ഫാസിൽ തന്നെയാണ്,’സിബി മലയിൽ പറയുന്നു.
അതേസമയം, രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ വീണ്ടും തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷനായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റീ റിലീസിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് ചിത്രം പ്രേക്ഷകരിൽ നിന്ന് നേടുന്നത്.
Content Highlight: Sibi Malayil Talk About Fahad Fazil