ഞാൻ സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുകാരണം ആ സംവിധായകനാണ്: സിബി മലയിൽ
Entertainment
ഞാൻ സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുകാരണം ആ സംവിധായകനാണ്: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 3:14 pm

ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

തന്റെ ഗുരു സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സിനിമയിൽ എന്തെങ്കിലുമെല്ലാം ആയിട്ടുണ്ടെങ്കിൽ അതിന് കാരണം ജിജോയാണെന്നും സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.

‘എന്നെക്കാളും ഒരു വർഷം ജൂനിയർ ആണെങ്കിലും എന്റെ ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് അദ്ദേഹം. കാരണം ഞാൻ സിനിമയിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ടെക്നിക്കലി എനിക്ക് എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹമാണ്.

പടയോട്ടമൊക്കെ എടുക്കുന്നതിനിടയ്ക്ക് വലിയ സീനൊക്കെ എനിക്ക് തന്നിട്ട് പറയും ഇതൊന്ന് ഷോട്ട് ഡിവൈഡ് ചെയ്ത് വരാൻ. ആദ്യമൊക്കെ ഞാൻ പേടിച്ച് നിൽക്കുമായിരുന്നു. ഒരു സഹ സംവിധായകന് അങ്ങനെയൊരു അവസരം കിട്ടില്ല. കുറെ ആളുകളും കുതിരകളും പട്ടാളവുമെല്ലാമുള്ള സീനാവും തരുന്നത്. ഞാനത് കൊണ്ട് കാണിക്കുമ്പോഴാണ് അതിൽ വരുത്താനുള്ള മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പറയുക. അതുപോലെ എഡിറ്റിങ്, കഥ, തിരക്കഥ എല്ലാത്തിലും പുള്ളിക്ക് വ്യക്തമായ ധാരണയുണ്ട്. ഔട്ട്‌ ഓഫ് ദി ബോക്സ്‌ ആയിട്ടുള്ള കാര്യങ്ങളാവും എപ്പോഴും ചിന്തിക്കുക,’സിബി മലയിൽ പറയുന്നു.

ബറോസ് എന്ന ചിത്രം അദ്ദേഹത്തിന്റെ വലിയ ചിന്തയായിരുന്നുവെന്നും സംവിധായകൻ മണിരത്‌നം ഒരിക്കൽ അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും സിബി കൂട്ടിച്ചേർത്തു.

‘മണിരത്നം എപ്പോഴോ അദ്ദേഹത്തിന്റെ ഏതോ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ജിജോ നിരന്തരമായി സിനിമകൾ ചെയ്തിരുന്നെങ്കിൽ ഞാനൊന്നും ഇവിടെ ഉണ്ടാവില്ലായിരുന്നു. ബറോസ് എന്നത് പുള്ളിയുടെ ഒരു വലിയ ചിന്തയായിരുന്നു.

എന്തൊക്കെയോ കാരണങ്ങളാൽ പുള്ളി അതിന്റെ ഭാഗമല്ലാതായി പോയേ എന്നുള്ളൂ. പക്ഷെ പുള്ളി ഇപ്പോഴും വലിയൊരു പ്രൊജക്റ്റിനായി വർക്ക്‌ ചെയ്ത് കൊണ്ടിരിക്കുകയാണ്,’സിബി മലയിൽ പറഞ്ഞു.

Content Highlight: Sibi Malayil Talk About Director Jijo Punoos