മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത സദയം. എം. ടി വാസുദേവൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ മോഹൻലാലിന്റെ ഗംഭീര പ്രകടനമായിരുന്നു മലയാളികൾ കണ്ടത്.
മോഹൻലാലിന്റെ കഥാപാത്രം തൂക്ക് കയറിന് വിധിക്കപ്പെടുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. ഇന്നും വലിയ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രം അന്ന് ബോക്സ് ഓഫീസിൽ വേണ്ടവിധത്തിൽ സ്വീകരിക്കപ്പെട്ടില്ലായിരുന്നു.
സാധാരണ പ്രേക്ഷകർ സിനിമയുടെ അവസാനം മോഹൻലാൽ രക്ഷപ്പെടുമെന്ന് കരുതിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാവാം ചിത്രം പരാജയപ്പെട്ടതെന്നും സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അടുത്ത് ഒരാൾ പറഞ്ഞിരുന്നു, മോഹൻലാൽ എങ്ങനെയെങ്കിലും ആ കയറിൽ നിന്ന് രക്ഷപ്പെട്ട് ജയിൽ ചാടി പോയാൽ പടം സൂപ്പർ ഹിറ്റാവുമെന്ന്. ഞാൻ പറഞ്ഞു, അത് നടക്കാത്ത കാര്യമല്ലേയെന്ന്. തൂക്ക് കയറിൽ നിന്ന് അയാൾ എങ്ങനെയാണ് രക്ഷപ്പെട്ട് പോവുക.
പലരും വിചാരിച്ചത് അവസാനം എന്തെങ്കിലുമൊന്ന് സംഭവിച്ച് അയാൾ രക്ഷപ്പെടുമെന്നാണ്. മോഹൻലാൽ മരിക്കില്ല എന്നാണ് സാധാരണ പ്രേക്ഷകർ ചിന്തിക്കുന്നത്. അന്ന് ആ ചിത്രം സ്വീകരിക്കാതെ പോയതിന് അത് കാരണമാവാം. ഇന്നിപ്പോൾ വലിയ ചർച്ചകളിലുള്ള ചിത്രമാണ് സദയം,’ സിബി മലയിൽ പറയുന്നു.
തന്റെ ചിത്രങ്ങളായ കിരീടത്തിലും തനിയാവർത്തനത്തിലുമെല്ലാം നായകൻമാരുടെ വിധി സമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പേടിച്ചു നടക്കുന്ന ഒരു മനുഷ്യനാണല്ലോ കിരീടത്തിലെ സേതുമാധവൻ. അറിയാതെ ഒരുത്തനെ തല്ലിപ്പോയി അതിന് ശേഷമാണ് അയാൾ വലിയ ഗുണ്ടയാണെന്ന് അറിയുന്നത്. പിന്നെ അയാൾ മാറി മാറി പോവാനാണ് ശ്രമിക്കുന്നത്. സേതുമാധവന് അതിനുള്ള ധൈര്യം ഒരിക്കലും ഉണ്ടാവില്ലല്ലോ.
ക്ലൈമാക്സിന് മുമ്പുള്ള സീനിൽ നായകൻ കൂട്ടുക്കാരനോട് പറയുന്നത്, ഞാൻ നാട് വിട്ട് പോവുകയാണെന്നാണ്. തനിയാവർത്തനത്തിലും അത് തന്നെയാണ്. വിധിക്ക് കീഴടങ്ങാൻ തയ്യാറാവുന്ന ഒരാളാണ്. സദയത്തിന് ഉണ്ടായ പ്രശ്നവും അത് തന്നെയായിരുന്നു,’സിബി മലയിൽ പറഞ്ഞു.
Content Highlight: Sibi Malayil Talk About Climax Portion Of Sadhayam Movie