നായകൻ തോറ്റാൽ ആ ചിത്രം ഓടില്ല എന്നവർ പറഞ്ഞു, എന്നാൽ പടം വിജയിക്കാൻ കാരണം അത് തന്നെയായിരുന്നു: സിബി മലയിൽ
Entertainment
നായകൻ തോറ്റാൽ ആ ചിത്രം ഓടില്ല എന്നവർ പറഞ്ഞു, എന്നാൽ പടം വിജയിക്കാൻ കാരണം അത് തന്നെയായിരുന്നു: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 10:18 am

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതാദാസ് ആയിരുന്നു.

സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും.

എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിൽ സിനിമയുടെ വിതരണക്കാർക്ക് അഭിപ്രായം വ്യത്യാസമുണ്ടായിരുന്നുവെന്നും ജയിക്കുന്ന നായകൻ അല്ലെങ്കിൽ പടം പ്രേക്ഷകർ സ്വീകരിക്കപ്പെടില്ലെന്നും അവർ പറഞ്ഞിരുന്നതായി സിബി മലയിൽ പറയുന്നു. താനും ലോഹിതാദാസും ഇപ്പോഴത്തെ ക്ലൈമാക്സിൽ തന്നെ ഉറച്ചുനിന്നെന്നും സിബി സമകാലിക മലയാളത്തോട് പറഞ്ഞു.

‘ലോഹിതാദാസ് ആണെങ്കിലും എം. ടി സാർ ആണെങ്കിലും വലിയ എഴുത്തുകാരാണ്. ഞാൻ അതിനെ എഴുത്തിൽ നിന്ന് വിഷ്വലിലേക്ക് മാറ്റുന്ന ഒരാൾ മാത്രമാണ്. കിരീടത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് അതിന്റെ ഡിസ്ട്രിബ്യുട്ടേഴ്സ് ഷൂട്ടിന്റെ തലേദിവസം ചോദിച്ചിരുന്നു. അവർക്ക് കഥ കേൾക്കണമെന്ന് പറഞ്ഞു.

എന്റെ സഹ സംവിധായകനോട്‌ ഞാൻ വായിച്ച് കൊടുക്കാൻ പറഞ്ഞു. ഷൂട്ട്‌ നാളെയൊ മറ്റന്നാളോ എടുക്കേണ്ട തിരക്കിലായിരുന്നു ഞാൻ. അവർ കഥ കേട്ടു. കഥ കേട്ട് അവരെന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറ്റണമെന്ന്.

ഞാനും ലോഹിയും അവിടെ ഇരിക്കുന്നുണ്ട്. എന്താണെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, എന്നെ തല്ലിക്കോയെന്ന് പറഞ്ഞ് മോഹൻലാൽ അവിടെ ഇരുന്നാൽ ശരിയാവില്ല, ഇപ്പോഴത്തെ ആളുകൾ അത് എടുക്കില്ലായെന്ന് പറഞ്ഞു.

എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു, മോഹൻലാൽ കത്തിയുമായി വന്ന് ഉറക്കെ എവിടെ കീരിക്കാടൻ ജോസ് എന്ന് ചോദിക്കണം എന്നിട്ട് ഓടിച്ചിട്ട് തല്ലണം കൊല്ലണം എന്നൊക്കെ. അത് കേട്ട് ലോഹി പറഞ്ഞു, എന്റെ നായകൻ ചാവേറാണ്, തോൽക്കാൻ വന്നവനാണ്. തന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിട്ട് താൻ ബലിയാവാം എന്ന് തീരുമാനിക്കുന്ന നായകനാണ് സേതുമാധവൻ. എന്റെ നായകൻമാർ തോൽക്കുന്നവരാണെന്ന് ലോഹി പറഞ്ഞു.

ഇത് ഓടില്ല, പ്രശ്നമാവുമെന്നവർ പറഞ്ഞു. ഈ സിനിമയുടെ കഥ ഇതാണ്, അത് നിങ്ങൾക്ക് അംഗീകരിക്കാമെങ്കിൽ ചെയ്യാമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ അവർ ഒന്നും പറഞ്ഞില്ല. അത് തന്നെയായിരുന്നു ആ സിനിമയുടെ ഒരു പ്രത്യേകത. അല്ലെങ്കിൽ അതൊരു സാധാരണ സിനിമയായി മാറിയേനെ,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Climax Of Kireedam Movie