ഒന്നാംഭാഗത്തേക്കാൾ ആ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് എനിക്കിഷ്ടം, മോഹൻലാലിന്റെ ഗംഭീര പ്രകടനമായിരുന്നു അതിൽ: സിബി മലയിൽ
Entertainment
ഒന്നാംഭാഗത്തേക്കാൾ ആ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് എനിക്കിഷ്ടം, മോഹൻലാലിന്റെ ഗംഭീര പ്രകടനമായിരുന്നു അതിൽ: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th April 2024, 2:08 pm

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതദാസ് ആയിരുന്നു.

സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും.

എന്നാൽ കിരീടത്തെക്കാൾ തനിക്ക് കൂടുതൽ ഇഷ്ടം ചിത്രത്തിന്റെ രണ്ടാംഭാഗമായ ചെങ്കോൽ ആണെന്നും അതൊരു വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നുവെന്നും സിബി പറയുന്നു. മോഹൻലാൽ അതിഗംഭീരമായി ചെയ്ത സിനിമ കൂടിയാണ് അതെന്നും സമകാലിക മലയാളത്തോട് സിബി പറഞ്ഞു.


‘ആദ്യത്തെ സിനിമയിലെ സേതുമാധവൻ ബോയ് നെക്സ്റ്റ് ഡോർ എന്ന് പറയുന്ന പോലെ ഒരു സാധാരണക്കാരൻ ആയിരുന്നു. അയാൾക്ക് ഒരു ഹിസ്റ്ററിയില്ല ബാക്ക്ഗ്രൗണ്ട് ഇല്ല. സാധാരണ ഒരു മിഡിൽ ക്ലാസ്സ്‌ ചെറുപ്പക്കാരനുമുണ്ടാവുന്ന ജീവിതാനുഭവങ്ങളുള്ള ഒരാളാണ് സേതു മാധവൻ.

പക്ഷെ രണ്ടാം ഭാഗമായ ചെങ്കോലിലേക്ക് വരുമ്പോൾ ഏഴ് വർഷം കഴിഞ്ഞു ജയിലിൽ നിന്ന് ഇറങ്ങുകയാണ് സേതുമാധവൻ. അതുകൊണ്ട് തന്നെ അതിന്റെ ഒരു ട്രോമയിലൂടെയെല്ലാം അയാൾ കടന്ന് പോയിട്ടുണ്ടാവും. ജീവിതത്തിന്റെ എല്ലാ കറുത്ത ഡാർക്ക്‌ സൈഡിലൂടെയും കടന്ന് പോയ ഒരാളാണ്. അത്രയും വലിയൊരു ദുരന്തത്തിലൂടെ കടന്ന് പോയ ഒരു മനുഷ്യനാണ്.

മോഹൻലാൽ കിരീടത്തിൽ അതിഗംഭീരമായി ചെയ്തിരുന്നു. അതിന്റെയും മുകളിലേക്ക് ചെങ്കോലിലെ കഥാപാത്രം വളരാൻ കാരണം ജീവിതാനുഭവങ്ങളാണ്. ഒരു നടന്റെ ആ ഒരു വളർച്ചയുണ്ട്. ഗംഭീരമായിട്ട് മോഹൻലാൽ അതിലേക്ക് വന്നു. എനിക്ക് സത്യത്തിൽ കിരീടത്തെക്കാൾ സെക്കന്റ്‌ പാർട്ട്‌ ഇഷ്ടമാണ്.

ആദ്യ ഭാഗത്തിന് അതിന്റെതായ ഒരു ഭംഗിയുണ്ട്. എന്നാൽ രണ്ടാംഭാഗം എനിക്കും എഴുത്തുകാരനും അഭിനേതാവിനുമെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Chenkol Movie