സിബി മലയിൽ ഒരുക്കിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് കിരീടം. മോഹൻലാലിന്റെയും തിലകന്റെയുമെല്ലാം അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച ചിത്രം മറ്റു മേഖലകളിലും മുന്നിട്ടു നിൽക്കുന്ന ഒന്നാണ്.
കിരീടം എന്നൊരൊറ്റ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് മോഹൻ രാജ്. സ്വന്തം പേരിനെക്കാൾ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേരിലാണ് നടൻ അറിയപ്പെടുന്നത്. കീരിക്കാടൻ എന്ന കഥാപാത്രം മോഹൻരാജിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിരീടത്തിന്റെ കഥ മോഹൻലാൽ എന്ന നടനെ തന്നെ ഉദ്ദേശിച്ച് രൂപപ്പെടുത്തിയ കഥയാണ്. കഥ എഴുതി വന്നപ്പോൾ സേതുമാധവൻ എന്ന വേഷം ചെയ്യാൻ മോഹൻലാൽ ആയിരുന്നു ഞങ്ങളുടെ മനസിലേക്ക് കടന്നു വന്നത്. എന്നാൽ സുപ്രധാനമായ കീരിക്കാടൻ ജോസ് എന്ന കഥാപാത്രം ചെയ്യുന്നത് ഒരു പുതിയ നടൻ ആവണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം ആ കഥാപത്രത്തെ കുറിച്ച് എല്ലാവരും വലിയ ബിൽഡ് അപ്പ് കൊടുത്തുകൊണ്ട് പറഞ്ഞ് ഫലിപ്പിച്ച് കാണിക്കുമ്പോൾ ആ വേഷം ചെയ്യുന്നത് അത്രയും ഭീകരനായ ഒരാളാവണമെന്നുണ്ടായിരിന്നു. നമുക്ക് പരിചയമുള്ള ഒരു നാടനാണെങ്കിൽ അയാളെ കാണിക്കുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർ ഇയാളെ കുറിച്ചാണോ ഇത്രയും പറഞ്ഞതെന്ന് ചിന്തിച്ചു പോവും. ഈ പറയുന്ന ആകാരമുള്ള പുതിയ ഒരു നടനെ വേണം.
നിർമാതാക്കൾ ആ സമയത്ത് പ്രദീപ് ഷെട്ടി എന്ന ഒരു തെലുങ്ക് നടനെ കുറിച്ച് പറഞ്ഞിരുന്നു. തെലുങ്കിലും തമിഴിലും മണിരത്നത്തിന്റെ സിനിമയിലുമെല്ലാം വില്ലൻ വേഷം ചെയ്ത നടൻ ആയിരുന്നു അദ്ദേഹം. എന്നാൽ മനസുകൊണ്ട് എനിക്ക് അതിനോട് വലിയ താത്പര്യം ഇല്ലായിരുന്നു. കാരണം തനി മലയാളിത്തമുള്ള മലയാളിയായ ഒരു നടൻ തന്നെ എനിക്ക് വേണമായിരുന്നു. മറ്റൊരു ഭാഷയിൽ നിന്ന് കഥാപാത്രം വരുമ്പോൾ ബോഡി ലാംഗ്വേജിലടക്കം വ്യത്യാസം വരുമെന്നുള്ളത് കൊണ്ട് പൂർണമായി അത് സമ്മതിക്കാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു. എന്നാൽ ഞങ്ങളുടെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. പക്ഷെ അവസാന ഘട്ടത്തിൽ ആ നടനെയും കിട്ടാതെ വന്നു.
പുതിയ ആൾക്ക് വേണ്ടി ഞാനും ലോഹിയും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വളരെ യാദൃശ്ചികമായി എന്റെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള കലാധരൻ, മോഹൻ രാജിനെ കുറിച്ച് എന്നോട് പറയുന്നത്.
കെ. മധു ഒരുക്കിയ മൂന്നാമുറ എന്ന ചിത്രത്തിൽ കലാധരൻ വർക്ക് ചെയ്തിരുന്നു. ആ സിനിമയിൽ കൊള്ളക്കാരിൽ ഒരാളായി മോഹൻ രാജുവും അഭിനയിച്ചിരുന്നു. കലാധരൻ എന്നോട് ഇങ്ങനെയൊരാളുണ്ട് ഞാനൊന്ന് കൊണ്ടുവരാം, സാറൊന്ന് കണ്ട് നോക്ക് എന്ന് പറഞ്ഞു.
അങ്ങനെ ഒരു ദിവസം മോഹൻരാജ് എന്നെ കാണാൻ വന്നു. അയാൾ എന്റെ റൂമിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ തന്നെ കീരിക്കാടൻ ജോസ് നിൽക്കുന്നു എന്നാണ് എന്റെ മനസിൽ തോന്നിയത്. കീരിക്കാടൻ ജോസ് എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. അടുത്ത റൂമിൽ കഥ എഴുതികൊണ്ടിരുന്ന ലോഹിയോട് ഞാൻ പറഞ്ഞു കീരിക്കാടൻ ജോസ് വന്നിട്ടുണ്ടെന്ന്. പെട്ടെന്ന് മോഹൻരാജിനെ കണ്ട ലോഹിയും പറഞ്ഞു ഇതാണ് നമ്മുടെ കീരിക്കാടൻ ജോസ് എന്ന്. അന്ന് തന്നെ ഞങ്ങൾ യാതൊരു സംശയവുമില്ലാതെ തീരുമാനിച്ചു ഇതാണ് ഞങ്ങൾക്ക് വേണ്ട കഥാപാത്രം എന്ന്. അയാളുടെ രൂപ ഭംഗിയും ആകാരവും കണ്ടിട്ടാണ് ഞങ്ങൾ തെരഞ്ഞെടുത്തത്.
അയാളുടെ അഭിനയ സിദ്ധിയോ മുൻപ് അഭിനയിച്ച സിനിമയോ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ കീരിക്കാടൻ ജോസ് എന്ന പേരിലാണ് അയാൾ പിന്നീട് അറിയപ്പെട്ടത്. അയാളുടെ യഥാർത്ഥ പേര് അധികമാർക്കും അറിയില്ല. പലപ്പോഴും വളരെ അപൂർവമായിട്ടെ കഥാപാത്രത്തിന്റെ പേരിൽ അഭിനേതാക്കൾ അറിയപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുള്ളൂ. അങ്ങനെയൊരു വ്യക്തിയായി മോഹൻ രാജ് മാറി,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Character Keerikkadan Jose In Kireedam Movie