ഈ വർഷം മലയാളത്തിൽ ഇറങ്ങി വലിയ ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ മുന്നേറ്റം നടത്തുകയും ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ വേറിട്ട വേഷപകർച്ച കണ്ട ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആയിരുന്നു.
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ ചെയ്ത ഹൊറർ ഴോണറിൽപ്പെട്ട ചിത്രം വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു. സിദ്ധാർഥ് ഭരതനും, അർജുൻ അശോകനുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയത്.
ഭ്രമയുഗത്തിന്റെ വിജയത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. ഭ്രമയുഗത്തിന്റെ പോസ്റ്ററും ആദ്യ സ്റ്റിലുകളും കണ്ടപ്പോൾ സിനിമ ഇത്ര വിജയമാവുമെന്ന് താൻ കരുതിയില്ലെന്ന് അദ്ദേഹം പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റാണ്. കളർഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസന്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാൽ വളരെ ഗ്ലോറിയായിട്ടുള്ള, ഡാർക്ക് ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്.
അതിന്റെ പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകൾ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോൾ ഞാൻ കരുതിയത്.
എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകൾ കാണാനുള്ള പ്രേക്ഷകരുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവർ ഓരോന്ന് കണ്ട് പൊയ്ക്കോട്ടേ,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Bramayugham Movie