| Saturday, 9th December 2023, 1:41 pm

അഹങ്കാരത്തോടെ ചെയ്യുന്ന തട്ടിക്കൂട്ട് സിനിമയെന്ന് പലരും പറഞ്ഞു, പക്ഷെ പടം വലിയ വിജയമായി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ – ലോഹിതാദാസ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ഭരതം.

മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിക്കൊടുത്തത് ഭരതം ആയിരുന്നു.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയ ചിത്രം ഒരു തട്ടിക്കൂട്ട് ചിത്രമാണെന്ന രീതിയിൽ റിലീസിന് മുൻപേ പലരും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്.

തങ്ങൾ കഴിഞ്ഞ പടത്തിന്റെ വിജയത്തിന്റെ അഹങ്കാരത്തിൽ ഒരു തട്ടിക്കൂട്ട് കഥ കൊണ്ട് സിനിമ പിടിക്കുകയാണെന്ന് ചില സിനിമാ പ്രവർത്തകർ പറഞ്ഞെന്നും എന്നാൽ ചിത്രം വലിയ വിജയമായി മാറിയെന്നും ഇന്ന് അങ്ങനെ ഒരു സിനിമ സാധ്യമാകില്ലെന്നും സിബി മലയിൽ പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരതം സിനിമയുടെ ഷൂട്ടിങ്‌ വേളയിൽ പലർക്കും ഞങ്ങൾ ചെയ്യുന്നത് ഒരു തട്ടിക്കൂട്ട് സിനിമയാണെന്ന സംസാരം ഉണ്ടായിരുന്നു. അത്തരത്തിലുള്ള ചില വാർത്തകളെല്ലാം ലാലിന്റെ അമ്മയുടെ ചെവിയിൽ എത്തിയിരുന്നു.

തിരുവനന്തപുരത്തുള്ള ചില സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞു, അവർ കഴിഞ്ഞ പടത്തിന്റെ വിജയത്തിന്റെ അഹങ്കാരം കൊണ്ട് പെട്ടെന്നൊരു കഥയുണ്ടാക്കി ഇപ്പോൾ ഒരു തട്ടിക്കൂട്ട് സിനിമ പിടിക്കുകയാണെന്ന്. വാർത്തകൾ അങ്ങനെ പ്രചരിക്കുന്നുണ്ടായിരുന്നു.

പക്ഷെ ഞാനും ലോഹിയും നൂറ് ശതമാനം ആ സിനിമയിലേക്ക് ഇറങ്ങി ചെന്നിട്ടാണ് ആ സിനിമ ചെയ്തത്. ഇപ്പോൾ അത് അത്ഭുതകരമാണ്. കാരണം ഇന്നത്തെ കാലത്ത് നമ്മളെ കൊണ്ടൊന്നും അങ്ങനെ ഒരു സിനിമ സാധ്യമാകില്ല. ഇനി അങ്ങനെ പറ്റുമോ എന്നറിയില്ല.

ഏറ്റവും വലിയ സന്തോഷം ഈ സിനിമയിലൂടെ മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്നതാണ്. മുമ്പ് കിരീടത്തിലൂടെ സ്പെഷ്യൽ ജൂറി അവാർഡ് അദ്ദേഹത്തിന് കിട്ടിയിരുന്നു.

മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡും ഭരതത്തിന് കിട്ടി. അങ്ങനെ ഒരുപാട് അവാർഡുകൾ പലർക്കായിട്ട് ആ സിനിമയ്ക്ക് കിട്ടിയിരുന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About Bharatham Movie

We use cookies to give you the best possible experience. Learn more