മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ളയാളാണ് സിബി മലയില്‍.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ഓഡിഷനിൽ മാർക്കിടാൻ ഇരുന്ന അനുഭവം പങ്കുവെക്കുകയാണ് സിബി മലയിൽ. ചിത്രത്തിലേക്ക് വില്ലനായി പുതിയൊരാളെ കണ്ടെത്താനാണ് ഓഡിഷൻ നടത്തിയതെന്നും അന്ന് മോഹൻലാലിന് താൻ രണ്ട് മാർക്ക് മാത്രമേ കൊടുത്തുള്ളൂവെന്നും സിബി പറയുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിനിടയിലാണ് സംവിധായകൻ പ്രിയദർശനെ പരിചയപ്പെടുന്നതെന്നും സിബി മലയിൽ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതുമുഖങ്ങളെ വച്ച് നവോദയ പുതിയ സിനിമ അനൗൺസ് ചെയ്‌തു. കഥയും സംവിധാനവും ഫാസിൽ, ശങ്കറാണ് നായകൻ. വില്ലനായി പുതിയൊരാളെ കണ്ടെത്തണം. ഓഡിഷൻ നടത്താൻ തീരുമാനിച്ചു. ജിജോയും ഫാസിലും ഞാനും ഉൾപ്പെടെ അഞ്ചുപേർ മാർക്കിടാൻ ഇരിക്കുന്നു.
ഓഡിഷനിൽ പങ്കെടുക്കാൻ മുപ്പതുപേരോളം വന്നു. തിരുവനന്തപുരത്തു നിന്ന് മോഹൻലാൽ എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. അയാൾക്ക് ഫാസിൽ പത്തിൽ ഒൻപത് മാർക്ക് നൽകി. ജിജോ എട്ടും. പക്ഷേ, ഞാൻ രണ്ട് മാർക്കേ കൊടുത്തുള്ളൂ.
ഫാസിലും ജിജോയും മനസിൽ കണ്ട വില്ലന് മോഹൻലാലിന്റെ ഛായയായിരുന്നു. അയാൾ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ സിനിമ തുടങ്ങി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഷൂട്ടിങ്ങിന്റെ അവസാന ഘട്ടത്തിൽ മോഹൻലാലിൻ്റെ ഒരു കൂട്ടുകാരൻ ലൊക്കേഷനിലേക്ക് വന്നു.