നവാഗതനായ ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ഒപ്പമിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം സിനിമകൾക്ക് കിട്ടിയ സ്വീകാര്യത നേടാൻ കഴിഞ്ഞില്ലായിരുന്നു. തുടർച്ചയായി മികച്ച സിനിമകൾ ഇറങ്ങുന്ന കാഴ്ച്ചയാണ് 2024 തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ കാണുന്നത്.
എന്നാൽ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം കുറച്ചുകൂടെ ഹൈപ്പ് അർഹിച്ചിരുന്ന ചിത്രമായിരുന്നു എന്നാണ് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ പറയുന്നത്.
ചിത്രം നല്ലൊരു സിനിമയായിരുന്നുവെന്നും പ്രേമലു വലിയ വിജയമായപ്പോൾ പ്രതീക്ഷിച്ചത്രയും മുന്നേറാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നും സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തിനോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.
‘ഇപ്പോൾ തിയേറ്ററിൽ വലിയ വിജയമായ സിനിമകളെല്ലാം വളരെ വ്യത്യസ്ത ഴോണറിലുള്ള സിനിമകളാണ്. ഇപ്പോൾ പ്രേമലുവെന്ന സിനിമ യുവജനങ്ങളാണ് കൂടുതൽ ഏറ്റെടുത്തത്. അതിന് ശേഷമാണ് ഫാമിലി വന്ന് സിനിമ എൻജോയ് ചെയ്യാൻ തുടങ്ങിയത്.
അതുപോലെ മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങുന്നതിന് മുമ്പ് തന്നെ വലിയ വിജയമായി മാറികഴിഞ്ഞിരുന്നു. ഒരു പക്ഷെ എനിക്ക് തോന്നുന്നത് പ്രേമലു വന്നത് കൊണ്ട് കിട്ടേണ്ട ഒരു ഹൈപ്പ് കിട്ടാതെ പോയ ഒരു സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. അതും നല്ല സിനിമയാണ്.
പക്ഷെ ഈ രണ്ട് സിനിമകളും വന്നതോടെ അത് വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടില്ല. സിനിമ നഷ്ടമായിട്ടൊന്നുമില്ല. വിജയം നേടിയ സിനിമയാണ്. പക്ഷെ അതർഹിക്കുന്ന ഒരു ഹൈപ്പ് അതിന് ഉണ്ടാവാത്ത പോലെ എനിക്ക് തോന്നി,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Anweshpin Kandethum Movie