| Wednesday, 24th April 2024, 8:43 am

ഒഡീഷന് വന്ന ആ നടി നിത്യ മേനോനൊപ്പമുള്ള റോൾ വേണ്ടെന്ന് വെച്ചു, പിന്നീട് സൗത്തിന്ത്യയിലെ തിരക്കുള്ള നായിക: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ നൽകിയ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അപൂർവ രാഗം.

പൂർണ്ണമായി പുതിയ അഭിനേതാക്കളെ വെച്ച് എടുത്ത ചിത്രം തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫ് അലി, നിത്യ മേനോൻ, നിഷാൻ, വിനയ് ഫോർട്ട് തുടങ്ങിയരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

ചിത്രത്തിലെ നായികയായ ഒഡീഷൻ നടത്തിയിരുന്നുവെന്നും അതിനായി നടി അമല പോളും വന്നിരിന്നുവെന്നും സിബി മലയിൽ പറയുന്നു. എന്നാൽ നിത്യ മേനോനെ തീരുമാനിച്ചതോടെ ചിത്രത്തിലെ മറ്റൊരു ചെറിയ റോൾ നൽകിയെങ്കിലും അമല പോൾ അത് നിരസിച്ചെന്നും സിബി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അപൂര്‍വരാഗം ഞാന്‍ 2010ല്‍ ചെയ്ത സിനിമയാണ്. ഞാന്‍ അത് വരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു ഇത്. പുതിയ കാലത്തിന്റെ അഭിനേതാക്കളുടെ കൂടെ പുതിയ കാലത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. രണ്ട് ചെറുപ്പക്കാര്‍ എന്റെ പിന്നാലെ വന്ന് പറഞ്ഞ കഥയായിരുന്നു അത്.

കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ആദ്യമായിട്ടായിരുന്നു അങ്ങനെ എന്റെ അടുത്തേക്ക് കഥയുമായി വരുന്നവരില്‍ നിന്ന് ഞാന്‍ സ്വീകരിക്കുന്നത്. ഈ സിനിമ ചെയ്യാമെന്നും എന്നാല്‍ പൂര്‍ണമായും പുതുമുഖങ്ങളെ വെച്ചാകണം സിനിമയെന്നും അവരോട് പറഞ്ഞു.

കാരണം ഇതിലെ മൂന്ന് കഥാപാത്രങ്ങളും അണ്‍പ്രെഡിക്റ്റബിള്‍ ആയിട്ടുള്ളവരാകണം. അവരെ പ്രേക്ഷകര്‍ക്ക് മുന്‍പരിചയം ഉള്ളവര്‍ ആക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ഇവര്‍ ഏത് ഘട്ടത്തില്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുമെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയും.

കാസ്റ്റിങ്ങിനായി ഞങ്ങള്‍ കാസ്റ്റിങ് കോള്‍ ചെയ്യാമെന്ന ധാരാണയിലായി. അതിനിടയിലാണ് ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമ കാണുന്നത്. അതില്‍ ഉള്ള രണ്ട് പയ്യന്മാരെയും എനിക്ക് ഇഷ്ടമായി. അത് ആസിഫ് അലിയും നിഷാനുമായിരുന്നു.

മൂന്നാമത്തെ കഥാപാത്രത്തെ ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. നായികയായി നിത്യ മേനോനെ തന്നെയായിരുന്നു മനസില്‍ കണ്ടത്. അന്ന് ഒഡീഷന് വേണ്ടി വന്ന ഒരാള്‍ അമല പോള്‍ ആയിരുന്നു. അന്ന് അവര്‍ അത്ര പോപുലറായിരുന്നില്ല. അമല പോള്‍ അന്ന് എന്നെ വന്ന് കണ്ടു. അപ്പോഴേക്കും നായികയായി നിത്യ മേനോനെ ഏതാണ്ട് തീരുമാനിച്ചിരുന്നു.

പിന്നെ അവരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒഡീഷനാണ് നടത്തിയത്. അമല പോളിനോട് ആ കാര്യം പറഞ്ഞപ്പോള്‍ അങ്ങനെ ഒരു കഥാപാത്രം വേണ്ടെന്ന് പറഞ്ഞ് അവര്‍ പിന്മാറി. പിന്നീട് അവര്‍ തമിഴിലും മറ്റുമായി വലിയ തിരക്കുള്ള നടിയായി മാറി,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil Talk About Amala pual

Latest Stories

We use cookies to give you the best possible experience. Learn more