സിബി മലയില്‍- ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ആകാശദൂത്. ആകാശദൂത് ഇന്നും മലയാളികളുടെ മനസില്‍ നൊമ്പരമുണര്‍ത്തുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ്.
മാധവിയും മുരളിയും നായിക, നായകന്മാരായെത്തിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടത് നാല് ബാലതാരങ്ങളായിരുന്നു. അച്ഛനും അമ്മയും മരിച്ചതിന് ശേഷം നാല് പേരില്‍ ഒരാള്‍ മാത്രം പള്ളി മുറ്റത്ത് അനാഥനായി നില്‍ക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടാവും.
എന്നാൽ ആകാശദൂതിന്റെ ക്ലൈമാക്സ് മറ്റൊരു രീതിയിലായിരുന്നു ആദ്യം ഷൂട്ട് ചെയ്തതെന്നും അത് ഇപ്പോൾ ഉള്ളതിനേക്കാൾ ദുരന്ത പര്യവസാനമുള്ളതായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. എന്നാൽ ക്ലൈമാക്സ് മാറ്റാൻ പിന്നീട് നിർമാതാക്കൾ തന്നോട് ആവശ്യപ്പെട്ടെന്നും സിബി ദി ക്യൂ സ്റ്റുഡിയയോട് പറഞ്ഞു.
‘ആകാശ ദൂതിന്റെ ക്ലൈമാക്സിനെ സംബന്ധിച്ച്, അതിനേക്കാൾ വലിയൊരു ദുരന്ത പര്യവസാനം ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. അങ്ങനെ തന്നെയാണ് അത് ഷൂട്ട് ചെയ്ത് അവസാനിപ്പിച്ചത്.
എല്ലാ കുട്ടികളെയും ഓരോരുത്തർ കൊണ്ടുപോയ ശേഷം, ആ കാല് വയ്യാത്ത കുട്ടിയെ മാത്രം ആരും ഏറ്റെടുക്കാൻ ഇല്ലാതെ അവിടെ നിന്ന് പോവുന്നുണ്ട്. ശരിക്കും അതിന്റെ അവസാന ഷോട്ട് എന്ന് പറയുന്നത് എല്ലാ വണ്ടിയും പോയി കഴിഞ്ഞ്, ആ കുട്ടി ഒറ്റയ്ക്ക് നിൽക്കുന്ന ഒരു ഏരിയ ഷോട്ടിൽ നിന്ന് ഇയാളുടെ ബാക്കിലേക്ക് ക്യാമറ ഇങ്ങനെ വരുന്നതാണ്.
ക്യാമറ ബാക്കിലേക്ക് വരുമ്പോഴേക്കും, അയാൾ നോക്കുമ്പോൾ അത് നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രമാണ്. അയാൾ ഇവനെ അങ്ങ് ചേർത്ത് നിർത്തുകയാണ്. അവന്റെ ജീവിതം വീണ്ടുമൊരു അനാഥാലയത്തിലേക്കാണ് എന്ന രീതിയിലാണ് ആ സിനിമയ്ക്ക് വേണ്ടി ആദ്യം ഷൂട്ട് ചെയ്തത്.
അതങ്ങനെ തീർന്ന് പോയതാണ്. അതോടെ സിനിമ കഴിഞ്ഞതാണ്. പക്ഷെ രാത്രി റൂമിൽ ചെന്നപ്പോഴേക്കും നിർമാതക്കൾ എല്ലാവരും റൂമിലേക്ക് വന്നു. അവർ പറഞ്ഞു, അങ്ങനെ അവസാനിപ്പിച്ചാൽ സിനിമ ഓടില്ലായെന്ന്. വേറേ എന്തെങ്കിലും പോസിറ്റീവായി ചെയ്യണമെന്ന് പറഞ്ഞിട്ടാണ് ക്ലൈമാക്സ് പിന്നെ വീണ്ടും മാറ്റിയത്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About Aakashdhooth climax