മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
സിബി മലയിൽ ഒരുക്കിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സദയം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുൻപന്തിയിലുള്ള വേഷമാണ് സദയത്തിലെ സത്യനാഥൻ. എം. ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
മോഹൻലാലിന് പുറമേ തിലകൻ, നെടുമുടി വേണു മുരളി തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കൾ ഒന്നിച്ച സിനിമ കൂടിയായിരുന്നു സദയം. സദയത്തിൽ ഇവർ എല്ലാവരും ഒന്നിച്ച് വരുന്ന ഒരു സീനുണ്ട്.
ഒരു സംവിധായകൻ എന്ന നിലയിൽ തനിക്ക് മറക്കാനാവാത്ത ഫ്രെയിമാണ് അതെന്നും അവരെപോലുള്ള അഭിനേതാക്കൾ തന്റെ ക്യാമറക്ക് മുന്നിൽ നിൽക്കുന്നത് ഒരു ഭാഗ്യമാണെന്നും സിബി മലയിൽ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സദയം ചിത്രീകരിക്കുമ്പോൾ തിലകൻ ചേട്ടനും മുരളിയും ലാലും വേണുച്ചേട്ടനും കൂടിയുള്ള ഫ്രെയിമിനു പിന്നിൽ, ക്യാമറയ്ക്കുമുന്നിൽ നിന്ന നിമിഷം മറക്കാനാവില്ല.
പ്രതിഭാശാലികളായ നാല് നടന്മാർ ക്യാമറയ്ക്കു മുന്നിൽ എൻ്റെ സ്റ്റാർട്ടിനും കട്ടിനും ഇടയിൽ നിൽക്കുകയാണ്. അതിനെക്കാൾ വലിയ ഭാഗ്യമെന്താണ്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil Talk About A Frame In Sadayam Movie