മമ്മൂട്ടിയെ വെച്ച് തീരുമാനിച്ച ആ ചിത്രം വേണ്ടെന്ന് എം.ടി സാർ, പകരം ചെയ്തത് ആ ക്ലാസിക് മോഹൻലാൽ സിനിമ: സിബി മലയിൽ
Entertainment
മമ്മൂട്ടിയെ വെച്ച് തീരുമാനിച്ച ആ ചിത്രം വേണ്ടെന്ന് എം.ടി സാർ, പകരം ചെയ്തത് ആ ക്ലാസിക് മോഹൻലാൽ സിനിമ: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th July 2024, 12:47 pm

എം.ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മികച്ച ചിത്രമാണ് സദയം. മോഹൻലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിട്ടാണ് സദയത്തിലെ സത്യനാഥനെ കണക്കാക്കുന്നത്.

സദയം എന്ന സിനിമ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. എം.ടിയും താനും ആദ്യമായി ചെയ്യാൻ തീരുമാനിച്ചത് മറ്റൊരു സിനിമയായിരുന്നുവെന്നും അതിന്റെ തീം വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിൽ പ്രചോദനം ഉൾക്കൊണ്ടതാണെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം ദക്ഷിണേന്ത്യയിലെ അഭിനേതാക്കളെയും ഉൾപ്പെടുത്തിയാണ് സിനിമ നിർമിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അന്നത്തെ മലയാള സിനിമയുടെ മാർക്കറ്റിനെ കുറിച്ച് ആലോചിച്ച് സിനിമ ഉപേക്ഷിച്ചെന്നും സിബി പറഞ്ഞു. ഒടുവിലാണ് സദയം എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും സിബി കൂട്ടിച്ചേർത്തു.

‘ജൂലിയസ് സീസറിന്റെ കഥ സിനിമയാക്കണമെന്ന് എനിക്കും എം.ടി സാറിനും ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ലൊക്കേഷൻ തേടി അദ്ദേഹത്തോടൊപ്പം മൈസൂരിലൊക്കെ പോവാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്നാൽ അതൊരു വലിയ പ്രൊജക്റ്റ്‌ ആയിട്ടായിരുന്നു പ്ലാൻ ചെയ്തത്.

മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഭിനേതാക്കളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രധാനപ്പെട്ട അഭിനേതാക്കളെയും ഉൾകൊള്ളിച്ച് മെഗാ പ്രൊജക്റ്റ്‌ ആയിട്ടാണ് അതിനെ പരിഗണിച്ചത്.

പക്ഷെ അന്നത്തെ മലയാള സിനിമയുടെ സാഹചര്യങ്ങളിൽ അത്ര വലിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാനുള്ള മാർക്കറ്റ് മലയാള സിനിമക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ സിനിമ തത്കാലത്തേക്ക് മാറ്റിവെക്കാൻ എം. ടി സാർ തന്നെയാണ് നിർദേശിച്ചത്. അങ്ങനെ നമുക്ക് നമ്മുടെ പരിധിക്കുള്ളിൽ ഒതുങ്ങുന്ന ഒരു സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് സദയം എന്ന ചിത്രത്തിലേക്ക് ഞങ്ങൾ എത്തുന്നത്,’ സിബി മലയിൽ പറയുന്നു.

അതേസമയം മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ചിത്രമായ ദേവദൂതൻ ഈ 26ന് റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്

 

Content Highlight: Sibi Malayil Talk About A Dropped Project With M.T. Vasudhevan Nair And Sadhayam