| Monday, 1st April 2024, 1:18 pm

പരാജയപ്പെട്ട ആ മോഹൻലാൽ ചിത്രത്തിന്റെ 4K വേർഷൻ ചെയ്യുന്നുണ്ട്, അതൊരു എഡിറ്റഡ് വേർഷനാവും: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, ജഗതി എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം റിലീസ് സമയത്ത് പരാജയപ്പെട്ടിരുന്നു.

എങ്കിലും പില്‍ക്കാലത്ത് മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രിയ ചിത്രമായി ദേവദൂതന്‍ മാറി, ടി.വിയില്‍ വരുമ്പോഴൊക്കെ ചിത്രത്തിന് റിപ്പീറ്റ് വാല്യൂ കൂടി.

ചിത്രത്തിന്റെ ഒരു 4K വേർഷൻ ഇറക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയാണ് സിബി മലയിൽ. അതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ചില എഡിറ്റിങ്ങുകൾ ആവശ്യമുണ്ടെന്നും സിബി മലയിൽ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ദുരന്തമായി മാറി. നിർമാതാവിനെയെല്ലാം അത് വല്ലാതെ ബാധിച്ചു. എനിക്ക് ഏറ്റവും വലിയ ഡിപ്രഷൻ ഉണ്ടാക്കിയ സമയമായിരുന്നു അത്. അതിപ്പോൾ ആളുകൾ കണ്ട് ആസ്വദിക്കുന്നത് കൊണ്ട് നമുക്ക് അന്നുണ്ടായ നഷ്ടങ്ങളൊന്നും ഇല്ലാതെ ആവുന്നില്ല.

ഒരുപക്ഷേ ഇപ്പോൾ അത് എൻജോയ് ചെയ്യുന്നത് അതിന് ശേഷമുണ്ടായ ആളുകളാണ്. 2000ത്തിലാണ് അത് ഇറങ്ങുന്നത്. ടീനേജ് കുട്ടികൾ, അല്ലെങ്കിൽ ഇപ്പോൾ കോളേജിലേക്ക് കടക്കുന്നവരാവും അത് കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്. അത് നല്ല കാര്യമാണ് പക്ഷെ അതുകൊണ്ടൊന്നും അന്നുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമാവുന്നില്ല.

ഇപ്പോൾ അതിന്റെ ഒരു 4K വേർഷൻ ചെയ്യാനുള്ള ഒരു പ്ലാനുണ്ട്. അതിനുള്ള ശ്രമം നടത്തുന്നുണ്ട്. അതൊരു റീഎഡിറ്റഡ് വേർഷനായി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെയൊരു വർക്ക്‌ നടക്കുന്നുണ്ട്. നിർമാതാവിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്ന മൂവ്മെന്റാണ്.

പക്ഷെ അത് ഒറിജിനൽ വേർഷൻ ആയിരിക്കില്ല. ഞാൻ അതിനകത്തൊരു എഡിറ്റിങ്‌ വേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നമുക്ക് അന്ന് ഇഷ്ടപ്പെടാത്ത കുറെ ഭാഗങ്ങളുണ്ട് അതിനകത്ത്. അതെല്ലാം ഒഴിവാക്കി, കണ്ടന്റ് കുറച്ചുകൂടെ സ്ട്രോങ്ങ്‌ ആക്കിയിട്ട് വേണം അത് ചെയ്യാൻ,’ സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Talk About 4k Version  Of Devadoothan Movie

We use cookies to give you the best possible experience. Learn more