എന്നും മലയാളത്തിന് മികച്ച സിനിമകള്‍ മാത്രം നല്‍കിയിട്ടുള്ള സിബി മലയില്‍ – ലോഹിതദാസ് കൂട്ടുകെട്ടിന്റേതായി 1992 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് കമലദളം. മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ അഭിനയ ജീവിതത്തില്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് കമലദളത്തിലെ നന്ദഗോപാല്‍.
നൃത്താദ്ധ്യാപകനായി മോഹന്‍ലാല്‍ തകര്‍ത്താടിയപ്പോള്‍ മറ്റു വേഷങ്ങളില്‍ എത്തിയ മോനിഷ, പാര്‍വതി, വിനീത്, മുരളി തുടങ്ങിയ താരങ്ങളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മോനിഷയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിട്ടാണ് കമലദളത്തിലെ മാളവികയെ വിലയിരുത്തുന്നത്.
‘കമലദളം’ എന്ന സിനിമയിലെ കഥാപാത്രം കൊണ്ട് ഏറ്റവും സന്തോഷം ഉണ്ടായത് മോനിഷയ്ക്കാണെന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോനിഷയെ കുറിച്ച് വാചാലനായത്.
‘ഒരു നര്‍ത്തകി എന്ന നിലയില്‍ അത്രമാത്രം പ്രാവീണ്യമുള്ള ആളായിരുന്നു മോനിഷ. അന്ന് ക്ലാസിക് രംഗത്തുണ്ടായിരുന്ന എല്ലാ നൃത്ത രൂപങ്ങളും ഈ സിനിമയില്‍ അവതരിപ്പിക്കാനുള്ള അവസരം മോനിഷയ്ക്ക് ഉണ്ടായി’, സിബി മലയില്‍ ഓര്‍ക്കുന്നു.
‘ചിത്രം തിയറ്ററില്‍ എത്തി 150 ദിവസം പൂര്‍ത്തിയാക്കിയതിന്റെ വിജയാഘോഷം മദ്രാസില്‍ നടക്കുമ്പോള്‍, ആ ചടങ്ങില്‍ വെച്ച് മോനിഷ എന്റെ അടുത്ത് വന്നു ചേര്‍ത്തുപിടിച്ചിട്ടു പറഞ്ഞു, ‘ഇനി എനിക്ക് ആഗ്രഹങ്ങള്‍ ഒന്നും ബാക്കിയില്ല. നേടാനുള്ളതൊക്കെ ഞാന്‍ ഈയൊരൊറ്റ സിനിമയിലൂടെ നേടി കഴിഞ്ഞു എന്ന്.’,
എന്നാല്‍ പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം മോനിഷയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ ആ വാക്കുക്കള്‍ അറംപറ്റിയ പോലെ തോന്നിയെനിക്ക്. പെട്ടെന്ന് ആ മരണ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് മോനിഷ അന്ന് എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞ വാക്കുകള്‍ ആണ്. എന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് മോനിഷ പറഞ്ഞ വാക്കാണ് പെട്ടെന്നു എന്റെ മനസ്സില്ലേക്ക് കയറി വന്നത് ‘, സിബി മലയില്‍ പറയുന്നു.
സിനിമയില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി മോനിഷ കലാലോകത്ത് നിന്ന് വിടവാങ്ങിയത്. ആദ്യ ചിത്രമായ നഖക്ഷതങ്ങളില്‍ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങി മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളാവാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു.
Content Highlight : Sibi Malayil Speak About Actress Monisha