ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1992ല്‍ റിലീസായ സിനിമയാണ് കമലദളം. മോഹന്‍ലാല്‍ നായകനായ ചിത്രം കലാമണ്ഡലത്തിലെ നൃത്താധ്യാപകനായ നന്ദഗോപാലിന്റെ കഥയാണ് പറഞ്ഞത്. നോട്ടത്തിലും നടത്തത്തിലും കഥാപാത്രത്തിന്റെ ആത്മാവിനെ തന്നിലേക്ക് ആവാഹിച്ച പ്രകടനമായിരുന്നു മോഹന്‍ലാല്‍ കമലദളത്തില്‍ കാഴ്ചവെച്ചത്. വിനീത്, മോനിഷ, നെടുമുടി വേണു, മുരളി, പാര്‍വതി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. നൃത്തത്തിന്റെ സകലമേഖലയും കവര്‍ ചെയ്തുകൊണ്ടുള്ള സ്‌ക്രിപ്റ്റാണ് ലോഹിതദാസ് ഒരുക്കിയതെന്നും അതില്‍ ഇനി ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ ബാക്കിയില്ലെന്നും സിബി മലയില്‍ പറഞ്ഞു. അത്രമാത്രം ഇന്‍വോള്‍വ്ഡ് ആയിക്കൊണ്ടാണ് ലോഹിതദാസ് ആ സിനിമ എഴുതിയതെന്നും ഇന്നും ആ സിനിമയെപ്പറ്റി പലരും സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
ആ ചിത്രത്തിന്റെ 150ാം ദിവസം നടന്ന ഫങ്ഷന് മോനിഷ തന്റെയടുത്ത് വന്നിട്ട് തന്റെ ജീവിതത്തില്‍ ഇത്രയധികം നൃത്തം ചെയ്തിട്ടില്ലെന്നും ഇനി ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ ബാക്കിയില്ലാത്തതുപോലെയാണ് തോന്നുന്നതെന്ന് പറഞ്ഞെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. മോനിഷ അപ്പോള്‍ പറഞ്ഞത് പിന്നീട് അവരുടെ ജീവിതത്തില്‍ അറംപറ്റിയത് പോലെയായെന്നും ആ സിനിമക്ക് ശേഷമാണ് അവര്‍ക്ക് അപകടമുണ്ടായതെന്നും സിബി മലയില്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘കമലദളം എന്ന സിനിമ ഇന്നും ആളുകള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ലോഹിതദാസിന്റെ സ്‌ക്രിപ്റ്റാണ്. നൃത്തത്തിന്റെ എല്ലാ ഏരിയയും കവര്‍ ചെയ്താണ് ലോഹി ആ സ്‌ക്രിപ്റ്റ് എഴുതിയത്. സിനിമ കണ്ടതിന് ശേഷം അത് ചേര്‍ക്കാമായിരുന്നു, ഇത് ചേര്‍ക്കാമായിരുന്നു എന്ന ചിന്ത നമുക്ക് വരില്ല. ഒരു പോയിന്റെ വിടാതെ ലോഹി കവര്‍ ചെയ്തിട്ടുണ്ട്. അതിനെ മികച്ചതാക്കുന്ന പെര്‍ഫോമന്‍സായിരുന്നു മോഹന്‍ലാല്‍ അടക്കമുള്ള ആര്‍ട്ടിസ്റ്റുകളുടെയടുത്ത് നിന്ന് കിട്ടിയത്.
ആ സിനിമയുടെ 150ാം ദിവസം നടന്ന ഫങ്ഷന്‍ നടന്നപ്പോള്‍ മോനിഷ എന്റെയടുത്ത് വന്ന് പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘ഡാന്‍സിന്റെ എല്ലാ ഫോമുകളും ഞാന്‍ ഈ ഒരൊറ്റ സിനിമയില്‍ ചെയ്തുവെച്ചു. ഇനി എനിക്ക് ജീവിതത്തില്‍ ഒന്നും ആഗ്രഹിക്കാനില്ല. എന്റെ ജീവിതം പൂര്‍ണമായി,’ എന്നാണ് മോനിഷ പറഞ്ഞത്. അത് പിന്നീട് മോനിഷയുടെ ജീവിതത്തില്‍ അറംപറ്റിയ വാക്കായി മാറി,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil shares Monisha’s comment of Monisha after Kamaladalam