| Tuesday, 18th July 2023, 11:25 pm

'കൂടെയുണ്ടായിരുന്നവര്‍ സിനിമ ലോകത്ത് സജീവം, ഞാനൊരു കാട്ടില്‍ ഏകാന്തന്‍'; അനുഭവം പങ്കുവെച്ച് സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ച നാളുകളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ സിബി മലയില്‍. ആദ്യ സിനിമയെന്ന സ്വപ്‌നം നടക്കാതെയായപ്പോള്‍ ജ്യേഷ്ഠനൊപ്പം കോയമ്പത്തൂരില്‍ അദ്ദേഹത്തിന്റെ റോഡ് കോണ്‍ട്രാക്ടിങ് വര്‍ക്കില്‍ കൂടാന്‍ തീരുമാനിക്കുകയായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. ഒരു കാട്ടിനുള്ളിലായിരുന്നു ജോലിയെന്നും അവിടെ ഏകാന്തനായിരിക്കുമ്പോള്‍ കൂടെയുള്ളവര്‍ സിനിമയില്‍ സജീവമാണല്ലോയെന്നോര്‍ക്കുമെന്നും തന്റെ അവസ്ഥയോര്‍ത്ത് നിരാശപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജ്യേഷ്ഠന്‍ നിര്‍ബന്ധിച്ചിട്ടും സിനിമ വേണ്ടെന്ന് തന്നെയായിരുന്നു തീരുമാനമെന്നും സംവിധായകന്‍ ഫാസില്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ വീണ്ടും സിനിമ ചെയ്യാനിറങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘ആദ്യ സിനിമ എന്ന സംരംഭം സംഭവിക്കാതിരുന്ന ഘട്ടത്തില്‍ ഇനി സിനിമ വേണ്ട എന്ന് തീരുമാനിക്കുകയും ആലപ്പുഴ വിട്ട് കോയമ്പത്തൂരുള്ള എന്റെ ജ്യേഷ്ഠന്റെ അടുത്തേക്ക് പോവുകയും ചെയ്തിരുന്നു. അദ്ദേഹം റോഡ് കോണ്‍ട്രാക്ടിങ് വര്‍ക്ക് ഒക്കെ ചെയ്യുന്ന ആളാണ്. സിനിമ ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം കൂടാനായിരുന്നു തീരുമാനം. എന്റെ അവസ്ഥ കണ്ട് ഞാന്‍ വല്ലാത്തൊരു നിരാശയിലകപ്പെട്ട് നില്‍ക്കുകയാണെന്നൊക്കെ അദ്ദേഹത്തിന് മനസിലായി. പക്ഷെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടും ഞാന്‍ അതിലേക്ക് പോകാന്‍ തയ്യാറായില്ല.

വര്‍ക്ക് നടക്കുന്നത് സെര്‍വാണി ഡാമില്‍ നിന്ന് കോയമ്പത്തൂര്‍ സിറ്റിയിലേക്ക് ഉണ്ടാക്കുന്ന ഒരു റോഡാണ്. അതിന്റെ കണ്‍സ്ട്രക്ഷന്‍ മുതല്‍ ടാറിങ് വരെയുള്ള മുഴുവന്‍ പ്രോസസും നടക്കുകയാണ്. രാവിലെ ആറ് മണിക്ക് ഒരു ബസ് കിട്ടും. ആ ബസില്‍ പോയാലേ ഈ സ്ഥലത്തേക്ക് എത്തുകയുള്ളൂ. അതൊരു കാട്ടിനുള്ളിലാണ്.

അപ്പോള്‍ ആറ് മണിക്ക് കൃത്യം ഞാന്‍ പോവുകയും ഇതിരാവിലെ പോകുന്നത് കൊണ്ട് എനിക്ക് ഭക്ഷണമൊന്നും കരുതാന്‍ കഴിയില്ല. അവിടെ ഹോട്ടലുകളുമില്ല. ജോലിയെടുക്കുന്നത് മുഴുവന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അവിടെയുള്ള തൊഴിലാളികളാണ്. ഉച്ചഭക്ഷണത്തിനുള്ള സമയമാകുമ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ആഹാരം കഴിക്കും. ആ സമയത്ത് എനിക്കൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാന്‍ കാട്ടിനകത്ത് കയറി ഒറ്റക്ക് അലഞ്ഞ് നടന്ന് എവിടെയെങ്കിലും പോയി ഇരിക്കും.

അങ്ങനെയിരിക്കുമ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നത് എന്നോടൊപ്പം ഉണ്ടായിരുന്നവരൊക്കെ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. മോഹന്‍ലാല്‍, ശങ്കര്‍, പ്രിയന്‍ അങ്ങനെയെല്ലാരും തങ്ങളുടെ സ്വപ്ന ലോകത്ത് സജീവമാണ്. ഞാന്‍ മാത്രം ഈ കാട്ടിനുള്ളില്‍ ഒറ്റക്കിരിക്കുന്നു എന്നുള്ള വല്ലാത്ത ഏകാന്തതയും നിരാശ ബോധവുമൊക്കെ എന്നെ വല്ലാതെ അലട്ടാന്‍ തുടങ്ങി. പതുക്കെ പതുക്കെ എന്റെ ഡിപ്രഷന്‍ കണ്ടുതുടങ്ങിയ എന്റെ ജ്യേഷ്ഠന്‍ പറഞ്ഞു പണ്ട് പൂനെയില്‍ പോയി സിനിമ പഠിക്കണമെന്നല്ലേ നീ പറഞ്ഞിരുന്നത് അങ്ങനെയുണ്ടെങ്കില്‍ നമുക്ക് അതാലോചിക്കാമെന്ന്. ഞാന്‍ പറഞ്ഞു എനിക്ക് സിനിമ വേണ്ട എന്ന്.

ആ സമയത്താണ് എന്റെ കൂടെ ആദ്യ ഘട്ടത്തില്‍ സിനിമയുടെ താത്പര്യമായി നടന്ന സുഹൃത്ത്് പൂനെയില്‍ ഒരു ഫിലിം കോഴ്‌സിന് എനിക്കും കൂടി ചേര്‍ത്ത് അപ്ലൈ ചെയ്തത്. ദിവസങ്ങള്‍ അടുത്തിട്ട് മറുപടിയൊന്നും വരാതെയായപ്പോള്‍ അവനെന്നോട് പറഞ്ഞു നമുക്കവിടെ വരെ ഒന്ന് പോകാം, ചിലപ്പോള്‍ അവരുടെ മറുപടി പോസ്റ്റല്‍ വഴി നമുക്ക് കിട്ടാത്തതാകുമെന്ന്. അങ്ങനെ ഞങ്ങള്‍ പൂനെയിലേക്ക് പോയി.

ഞങ്ങള്‍ അവിടെ ചെന്ന ദിവസമാണ് ആ കോഴ്‌സ് ആരംഭിക്കുന്നത്. ഞങ്ങള്‍ക്കവിടെ അഡ്മിഷന്‍ ലഭിക്കുകയോ ഞങ്ങളെ അവര്‍ സെലക്ട് ചെയ്യുകയോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വല്ലാത്ത നിരാശയിലായിരുന്നു. ആ കോഴ്‌സിന്റെ ഡയറക്ടര്‍ പി.കെ നായര്‍ സര്‍ ആണ്. പിന്നീട് അദ്ദേഹം ഫിലിം ആര്‍ക്കൈവിന്റെയൊക്കെ തലപ്പത്ത് വന്നിരുന്നു. അദ്ദേഹം മലയാളിയായത് കൊണ്ട് നേരില്‍ കണ്ട് ഒരവസരം ചോദിക്കാമെന്നായി ഞങ്ങള്‍. വൈകുന്നേരം വരെ മുറിയുടെ പുറത്തിരുന്നിട്ടും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ നിരാശരായി തിരിച്ച് പോരുകയും ചെയ്തു.

മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ആലപ്പുഴയില്‍ എത്തുകയും നവോദയിലെ ഓഫീസിലേക്ക് വെറുതെ പോവുകയും ചെയ്തു. ആ സമയത്ത് ഞാന്‍ ഞാനവിടെയുള്ള സ്റ്റാഫുകളുമായി വലിയ സൗഹൃദത്തിലായിരുന്നു. അവരെയൊക്കെ ഒന്ന് കാണാമെന്ന് കരുതി ചെല്ലുമ്പോള്‍ അവിടെ ഫാസിലും ജിജോയും ജിജോയുടെ സഹോദരന്‍ ജോസുമിരിപ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അവിടെ വിളിച്ചരുത്തി ഫാസില്‍ ചെയ്യാന്‍ പോകുന്ന പുതിയെ സിനിമയുടെ കഥ കേള്‍ക്കാന്‍ പറഞ്ഞു.

കേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു നല്ല കഥയെന്നും ഞാന്‍ പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഫാസില്‍ പറഞ്ഞു ഈ സിനിമയില്‍ സിബിയും വേണമെന്ന്. ആദ്യം ഞാനിനി സിനിമ ചെയ്യുന്നില്ലെന്ന കാര്യം പറഞ്ഞെങ്കിലും പിന്നീട് ജോയിന്‍ ചെയ്യുകയുണ്ടായി. കാരണം, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് ശേഷം ചെയ്ത രണ്ട് സിനിമകളും പരാജയപ്പെട്ടുപ്പോള്‍ ഫാസിലും വലിയ നിരാശയിലായിരുന്നു.

അപ്പോഴാണ് ഇങ്ങനെയൊരു കഥ വരികയും അത് ചെയ്യാനായിട്ട് നവോദയ മുന്നോട്ട് വരികയും ചെയ്തത്. ആ സമയത്ത് വലിയ വിജയമായ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിയുകയും സിനിമയില്‍ വീണ്ടും സജീവമായി നില്‍ക്കാന്‍ സാധിക്കുകയും ചെയ്തു,’ സിബി മലയില്‍ പറഞ്ഞു.

Content Highlights: Sibi Malayil shares experiences when he stopped directing cinema

We use cookies to give you the best possible experience. Learn more