'മോഹൻലാലിന് പകരം ഷാരുഖ് ഖാന് ദേശീയ അവാർഡ് കൊടുത്താൽ ചടങ്ങ് കൊഴുക്കുമെന്ന് ജൂറി ചെയർമാൻ'; സിബി മലയിലിന്റെ പുതിയ വെളിപ്പെടുത്തൽ
Entertainment
'മോഹൻലാലിന് പകരം ഷാരുഖ് ഖാന് ദേശീയ അവാർഡ് കൊടുത്താൽ ചടങ്ങ് കൊഴുക്കുമെന്ന് ജൂറി ചെയർമാൻ'; സിബി മലയിലിന്റെ പുതിയ വെളിപ്പെടുത്തൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 3:16 pm

മോഹൻലാലിന്റെ മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു 2007ൽ പുറത്തിറങ്ങിയ പരദേശി. പി. ടി. കുഞ്ഞുമുഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാൽ കരസ്ഥമാക്കിയിരുന്നു.

ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡിലേക്ക് മോഹൻലാലിന്റെ വലിയകത്ത് മൂസ എന്ന ഈ വേഷം പരിഗണിക്കപ്പെട്ടിരുന്നു.

ഇതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. അന്നത്തെ ദേശീയ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സിബി മലയിൽ പറയുന്നത് മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരുഖ് ഖാന് നൽകികൂടെയെന്ന് ജൂറിയിലെ ചിലർ ചോദിച്ചിരുന്നു എന്നാണ്. അങ്ങനെയെങ്കിൽ അവാർഡ്ദാന ചടങ്ങ് ഒന്നുകൂടി കൊഴുക്കുമെന്ന് അവർ പറഞ്ഞെന്നും സിബി മലയിൽ പറയുന്നു.


‘പി. ടി. കലയും കാലവും’ എന്ന പേരിൽ സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരുഖ് ഖാന് കൊടുത്തൂടെയെന്നും അങ്ങനെയെങ്കിൽ അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നും അന്നത്തെ ജൂറി ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമ പ്രവർത്തകർ അവാർഡ് കരസ്ഥമാക്കുന്നത് വലിയസംഭവമാണ്,’സിബി മലയിൽ പറയുന്നു.

മോഹൻലാലിന് പുറമേ ഈ ചിത്രത്തിലെ തന്നെ ‘ തട്ടം പിടിച്ച് വലിക്കല്ലേ ‘ എന്ന പാട്ടിലൂടെ സുജാതയെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡിനായി തെരഞ്ഞെടുത്തിരുന്നു എന്നും എന്നാൽ പെട്ടന്ന് വന്ന ഒരു ഫെസ്റ്റിവൽ ഡയറക്ടർ ശ്രേയ ഘോഷാലിന് അവാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നും സിബിമലയിൽ കൂട്ടിച്ചേർത്തു. സുജാതയ്‌ക്ക് ഉറപ്പായ അവാർഡ് അങ്ങനെ അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Sibi  Malayil Says That The chairman of the Ntaional Award jury said to give the award to Shah Rukh Khan instead of Mohanlal