കമൽ ഹാസൻ ആ മമ്മൂട്ടി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പറഞ്ഞു, ഞാൻ ഓക്കെയായിട്ടും നടന്നില്ല: സിബി മലയിൽ
Entertainment
കമൽ ഹാസൻ ആ മമ്മൂട്ടി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ പറഞ്ഞു, ഞാൻ ഓക്കെയായിട്ടും നടന്നില്ല: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th March 2024, 2:51 pm

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മലയാളത്തിനായി കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളിലെ അഭിനേതാവിനെയും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അത്തരത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു തനിയാവർത്തനം.

ലോഹിതാദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ബാലൻ മാഷായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനം മലയാളികൾ കണ്ടതാണ്. തനിയാവർത്തനം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ നടൻ കമൽ ഹാസൻ തന്നോട് ആവശ്യപെട്ടിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.

കമൽ തന്നെ വിളിച്ച് സംസാരിച്ചെന്നും തനിക്കത് ഓക്കെ ആയിരുന്നുവെന്നും സിബി പറഞ്ഞു. എന്നാൽ കമൽഹാസന്റെ മാനേജർ ഒരു കോമേഴ്‌ഷ്യൽ ചിത്രം ചെയ്യാനാണ് ആഗ്രഹിച്ചതെന്നും അതിനാൽ തീരുമാനം മാറ്റിയെന്നും സിബി പറഞ്ഞു.

‘കമൽഹാസൻ ഒരിക്കൽ എന്നെ വിളിച്ചിട്ട് പറഞ്ഞു, എനിക്കൊന്ന് കാണണം രാജ് കമൽ ഓഫീസിലേക്ക് വരാമോയെന്ന് ചോദിച്ചു. ഞാനവിടെ ചെന്നപ്പോൾ അദ്ദേഹം ചോദിച്ചു, ഞാൻ സംവിധാനം ചെയ്ത തനിയാവർത്തനം ഒന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യാമോയെന്ന്.

ഞാൻ പറഞ്ഞു, ചെയ്യാമെന്ന്. കാരണം നമ്മളെക്കാൾ കൂടുതൽ അത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലുള്ള സ്ഥലമാണ് തമിഴ്നാട്. പ്രത്യേകിച്ച് ചില ഗ്രാമങ്ങളിലൊക്കെ അത് കൂടുതലായിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെന്ന് ചിന്തിക്കാനുള്ള പശ്ചാത്തലം അവിടെയുണ്ടല്ലോ. ഞാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ കമൽ വളരെ ഹാപ്പിയായി.

ആ പടം ചെയ്യുന്നത് കമലിന്റെ സ്ഥിരം മാനേജരായ ഡി. എൻ. സുബ്രഹ്മണ്യം എന്ന് പറയുന്ന ആളാണ്. പുള്ളിക്ക് കൊടുത്ത ഡേറ്റിലാണ് സിനിമ ചെയ്യേണ്ടത്. കമൽ കരുതിയത് ചെറിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാമെന്നായിരുന്നു. അങ്ങനെയൊരു കഥാപാത്രം ചെയ്യാനും പുള്ളിക്ക് താത്പര്യമുണ്ടായിരുന്നു.

എന്നാൽ എന്നോട് സുബ്രഹ്മണ്യം പറഞ്ഞു, സാർ എനിക്ക് കിട്ടിയ ഡേറ്റ് ഇതാണ്. ഇത് വലിയ ക്ലാസ്സിക് സിനിമയാണ്. അത് ഇവിടെ പോവില്ല. നമുക്കൊരു കോമേഴ്‌ഷ്യൽ പടം ചെയ്താൽ പോരെയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, എന്നാൽ നിങ്ങൾ കമലിനോട് പറയ്, അദ്ദേഹം പറയുന്ന പോലെ ചെയ്യാമെന്ന്.

എനിക്ക് എന്താണെങ്കിലും കുഴപ്പമില്ലായെന്ന് പറഞ്ഞു. പിന്നെ പുള്ളി ചെന്ന് കമലിനോട് പറഞ്ഞു, നമുക്ക് വേറേ സിനിമ ചെയ്യാമെന്ന്. പിന്നെ കമലിന് വേണ്ടി വേറേ കഥ ആലോചിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil Says That Kamalhassan Wants To Do Remake Mammooty’s Thaniyavarthanam