മഞ്ഞുമ്മൽ ബോയ്സ് ഹിറ്റ് ആയതോടെ കമൽ ഹാസന്റെ ഗുണ സിനിമ വീണ്ടും ചർച്ചകൾ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ സിബി മലയിൽ.
ഗുണ താനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നതെന്നും അതിന് മുമ്പ് തന്നെ കമൽ ഹാസനെ വെച്ച് രണ്ട് പടങ്ങൾ പ്ലാൻ ചെയ്തിരുന്നുവെന്നും സിബി പറയുന്നു. എന്നാൽ ചില കാരണങ്ങളാൽ സിനിമ നടന്നില്ലെന്നും സിബി മലയിൽ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.
‘കമൽ ഹാസന് എന്തായാലും ഒരു എക്സെന്റർസിറ്റിയിൽ നിൽക്കുന്ന കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ ഉണ്ടാക്കിയെടുത്ത ഒരു കഥയാണ് ഗുണയുടേത്. ആ സമയത്ത് വേറെയും സിനിമകൾ ചെയ്യുന്നത് കൊണ്ട് ഞാൻ സാബ് ജോണിനെ ഇങ്ങോട്ട് കൊണ്ടുവന്നു. മലയാളത്തിൽ കമൽ ഹാസൻ അഭിനയിച്ച ചാണക്യൻ സാബ് ജോണാണ് എഴുതിയത്. അതുകൊണ്ട് കമലുമായിട്ട് ഒരു ബന്ധമുണ്ട് അദ്ദേഹത്തിന്.
എനിക്കും അത് ഓക്കെ ആയിരുന്നു. ക്യാമറമാൻ വേണുവിനെ ഞാനാണ് അതിലേക്ക് കൊണ്ടുവന്നത്. അന്ന് ഞാൻ വേണുവുമായി ദശരഥമൊക്കെ ചെയ്തിരിക്കുന്ന സമയമാണ്. അങ്ങനെ ഞങ്ങൾ ചർച്ചകൾ ആരംഭിച്ചു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ചർച്ചകൾ ഇങ്ങനെ നീണ്ടുപോവുകയാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ അവർ എന്നെ അറിയിക്കും.
എനിക്കപ്പോഴേക്കും മലയാളത്തിൽ ഭരതം ചെയ്യാനുള്ള സമയമായി. ലാൽ ആണെങ്കിൽ ഭരതത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു എന്നെല്ലാം പറഞ്ഞ് വിളിക്കാൻ തുടങ്ങി. എനിക്കതിന് പോവാതിരിക്കാൻ പറ്റത്തില്ല. ഞാൻ അതിന്റെ ഷൂട്ടിന് പോയി. അതിന്റെ ഷൂട്ടിനിടയിൽ കമൽ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാൻ നിങ്ങൾക്കായി മൂന്ന് മാസമായി കാത്തിരിക്കുകയാണെന്ന്. ഞാൻ നേരത്തെ കമ്മിറ്റ് ചെയ്ത ഒരു സിനിമ ചെയ്യുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ഞാൻ ഇത് തീർത്തിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞു. കമൽ എന്നോട് ഒരു ദിവസം ഫോട്ടോ ഷൂട്ട് വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അടുത്ത ദിവസം ഹൈദരാബാദിൽ പോകണം, ഞാൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്നെനിക്ക് കാഞ്ചിവരത്തിൽ വെച്ച് ഭരതത്തിലെ പാട്ട് സീൻ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതിന്റെ റിലീസ് അടുത്തിരിക്കുന്നത് കൊണ്ട് എനിക്കത് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
ഞാൻ കരുതിയത് ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞാൽ സ്റ്റിൽ ഫോട്ടോഗ്രഫിയാണെന്നാണ്. ഞാൻ വൈകുന്നേരം ചെന്ന് ഫോട്ടോ കണ്ടാൽ മാത്രം മതിയെന്നാണ് കരുതിയത്. ഞാൻ അങ്ങനെ എന്റെ ഷൂട്ട് കഴിഞ്ഞിട്ട് നേരെ അങ്ങോട്ട് പോയി. രാത്രി കമലിന്റെ ഓഫീസിൽ ചെന്നു. പക്ഷെ ഞാൻ എത്തിയപ്പോഴേക്കും കമൽ പിണങ്ങി. എന്നോട് മിണ്ടുന്നേയില്ല.
അപ്പോഴാണ് ഞാൻ അറിയുന്നത് അത് സിനിമയുടെ ഷൂട്ട് തന്നെയായിരുന്നുവെന്ന്. സംവിധായകൻ ഇല്ലാതെ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് അവർ ചോദിച്ചു. അദ്ദേഹം എന്നെ കാണാൻ തയ്യാറായില്ല.
കുറച്ച് കഴിഞ്ഞു കമലിന്റെ മാനേജർ വന്ന് എന്നോട് പറഞ്ഞു, അവർ വരില്ല സാർ നല്ല കോപത്തിലാണെന്ന്. എനിക്ക് വേറേ വഴിയില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. പിന്നെയാണ് ആ ചിത്രം സന്താന ഭാരതിയിലേക്ക് എത്തുന്നത്,’സിബി മലയിൽ.
Content Highlight: Sibi Malayil Says Kamalhassan’s Guna Movie Is He was the first to direct