| Saturday, 17th September 2022, 12:23 pm

പ്രതിരോധിക്കാനോ നിരോധിക്കാനോ ശ്രമിക്കുമ്പോള്‍ സിനിമ കൂടുതല്‍ സ്വീകരിക്കപ്പെടും: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്തിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ വിമര്‍ശിച്ച് കൊണ്ടുള്ള ചിത്രമാണെന്ന രീതിയില്‍ നിരവധി സംശയങ്ങള്‍ സാമുഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ പങ്ക് വച്ചിരുന്നു. എന്നാല്‍ സിനിമ സംസാരിക്കുന്നത് ഇത്തരം കൊലപാതകങ്ങളില്‍ ഇരയാവുന്നവരുടെ കുടുംബത്തെക്കുറിച്ചാണെന്നും കൂടാതെ സിനിമ വിവാദമാകുന്നതിനെ ഭയക്കുന്നില്ലെന്നും സിബി മലയില്‍ പറഞ്ഞു.

”ബേസിക്കലി എന്റെ ജോണറില്‍പ്പെട്ട സിനിമ തന്നെയാണ് കൊത്ത്. സിനിമ ഒരു ഫാമിലി ഡ്രാമയാണ്, ഇമോഷണല്‍ ഡ്രാമയാണ് കൂടാതെ കുടുംബ ബന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം കൂടിയാണ്.

കണ്ണൂരിന്റെ രാഷ്ട്രിയ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ പോലും പ്രധാനമായും മനുഷ്യന്റെ ഇമോഷന്‍സ് തന്നെയാണ് സിനിമയില്‍ കാണിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ സൗഹൃദം, ചില ബാഹ്യ ഘടകങ്ങള്‍ അവരുടെ സൗഹ്യദത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്.

കൂടാതെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും സിനിമയിലുണ്ട്. അതേപോലെ ഇത്തരം വയലന്റ്സില്‍ അകപ്പെട്ട് പോകുന്നവരില്‍ നമ്മള്‍ കാണുന്നത് കൊല്ലപ്പെടുന്ന ആളിന്റെ മുഖമോ അല്ലെങ്കില്‍ അതില്‍ കുറ്റവാളിയായ ആളിന്റെ മുഖമോ ആണ്.

പക്ഷേ അതിന് പുറത്ത് കാണാതാകുന്ന നിരവധി മുഖങ്ങളുണ്ട്. അവരുടെ ഭാര്യമാര്‍, അമ്മമാര്‍ പെണ്‍മക്കള്‍ ഇവരെ കുറച്ചുകൂടെ തെളിച്ചത്തിലേക്ക് കൊണ്ടു വരുക എന്നതാണ് കൊത്തിലൂടെ ഞങ്ങളുടെ ഉദ്ദേശം,” അദ്ദേഹം പറഞ്ഞു.

സിനിമയെ പ്രതിരോധിക്കാനോ നിരോധിക്കാനോ ശ്രമിക്കുമ്പോള്‍ ആ സിനിമ കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്നും, അതുകൊണ്ട് ഇതൊന്നും പ്രതിസന്ധി ആയിട്ട് കാണുന്നില്ലെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

”എന്താണ് വിവാദമാകാത്തത്, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ സജീവമാകുന്ന ഈ കാലഘട്ടത്തില്‍ എന്ത് പറഞ്ഞാലും വിവാദമാകുകയാണ്. ഏത് കാര്യത്തിനും രണ്ട് പക്ഷമുണ്ട്. സമീപകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നിരവധി അക്രമണങ്ങള്‍ കണ്ടുവരുന്നുണ്ട്.

എന്നാല്‍ ഈ കാര്യത്തില്‍ പോലും നമ്മള്‍ കണ്ട് വരുന്നത് രണ്ട് പക്ഷത്ത് നില്‍ക്കുന്ന ആളുകളെയാണ്. ശരിയുടെ ഭാഗത്ത് നില്‍ക്കുന്ന ആളുകളേക്കാള്‍ തെറ്റിന്റെ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യരാണ് ഇന്ന് കൂടുതല്‍.

എന്ത് നല്ലത് പറഞ്ഞാലും അതില്‍ രണ്ട് പക്ഷത്ത് നിന്നുകൊണ്ട് നല്ലത് മനസിലാക്കാത്ത ആളുകളുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് കൊണ്ട് ചിലപ്പോള്‍ ഈ സിനിമയെയും വിവാദങ്ങള്‍ ബാധിക്കാം പക്ഷേ അതൊന്നും ഈ സിനിമ ചെയ്യുന്ന സമയത്തും ഇപ്പോഴും ഞങ്ങളെ ബാധിക്കുന്നില്ല.

കാരണം ഒരു സിനിമയെ പ്രതിരോധിക്കാനോ നിരോധിക്കാനോ ശ്രമിക്കുമ്പോള്‍ ആ സിനിമ കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യമാണ് നമ്മള്‍ കണ്ടു വരുന്നത്. അതുകൊണ്ട് ഇതൊന്നും പ്രതിസന്ധി ആയിട്ട് ഞങ്ങള്‍ സിനിമയില്‍ കാണുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: sibi malayil says film will be more accepted when it tries to defend or ban 

We use cookies to give you the best possible experience. Learn more