| Tuesday, 6th August 2024, 10:17 pm

ദേവദൂതന്‍ പോലെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം കാരണം പരാജയമായ എന്റെ സിനിമയാണത്, ഇന്ന് എല്ലാവരും ആ സിനിമയെ പുകഴ്ത്തുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- സിബി മലയില്‍ കോമ്പോ. കിരീടം, ഭരതം, ചെങ്കോല്‍, സദയം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ദേവദൂതന്‍ തുടങ്ങി മികച്ച സിനിമകളാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചപ്പോള്‍ കിട്ടിയത്. മിക്ക സിനിമകളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട സിനിമകളാണ്.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ഇറങ്ങിയ സമയത്ത് പരാജയമായിരുന്നെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ദേവദൂതനെ ക്ലാസിക്കെന്ന് വാഴ്ത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററില്‍ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.

ദേവദൂതന്‍ പോലെ മാന്‍ലാലിന്റെ സ്റ്റാര്‍ഡം കാരണം തിയേറ്ററില്‍ പരാജയപ്പെട്ട സിനിമയാണ് സദയമെന്ന് സിബി മലയില്‍ പറഞ്ഞു. കാലങ്ങള്‍ക്കിപ്പുറം പലരും സദയത്തെ ഗംഭീരമെന്ന് പറയുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സിബി മലയില്‍ പറഞ്ഞു. ഇന്നത്തെ കാലത്തെ ആളുകള്‍ക്ക് അത്രയും ഇമോഷനുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയാത്തതുകൊണ്ടാകാം സദയം പോലുള്ള സിനിമകള്‍ ഉണ്ടാകാത്തതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ കാലത്തെ സിനിമകളില്‍ പണ്ടുള്ളത് പോലെ വലിയ ഇമോഷനുകള്‍ കാണാന്‍ കഴിയുന്നില്ല. സാധാരണ എല്ലാവരുടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാം അത്തരം കഥകള്‍ വരാത്തത്. പക്ഷേ അപ്പോഴും പണ്ടത്തെ സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ദേവദൂതന്‍ റീ റിലീസ് ചെയ്യേണ്ടി വന്നത് അതുകൊണ്ടാണ്.

ദേവദൂതന്‍ പോലെ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം കാരണം പരാജയപ്പെട്ട സിനിമയാണ് സദയം. ഇന്ന് പലരും ഗംഭീരസിനിമയെന്ന് സദയത്തെപ്പറ്റി പറയാറുണ്ടെങ്കിലും അന്ന് ആ സിനിമ കാണാന്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് യൂട്യൂബ്, അല്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ട് എല്ലാവരും സദയത്തെപ്പറ്റിയെല്ലാം സംസാരിക്കുന്നു. അതുപോലുള്ള കഥകള്‍ എഴുതാന്‍ ഇന്ന് ആരുമില്ലാത്തതുകൊണ്ട് സദയം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil saying that Sadayam failed because of Mohanlal’s stardom

We use cookies to give you the best possible experience. Learn more