| Monday, 22nd July 2024, 2:03 pm

ബോളിവുഡിലെ ആ നടനെയാണ് നിഖില്‍ മഹേശ്വറായി മനസില്‍ കണ്ടിരുന്നത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

24 വര്‍ഷങ്ങള്‍ക്ക് ശേഷം 4k റീമാസ്‌റ്റേര്‍ഡ് വേര്‍ഷനില്‍ ദേവദൂതന്‍ എത്തുകയാണ്. 2000ത്തില്‍ റിലീസായ ചിത്രം അന്നത്തെ പ്രേക്ഷകര്‍ നിരാകരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പലരും കാലം തെറ്റിയിറങ്ങിയ സിനിമ എന്നാണ് ദേവദൂതനെ വിശേഷിപ്പിച്ചത്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.

എന്നാല്‍ ഈ കഥയെക്കുറിച്ച് ആദ്യം ചിന്തിച്ചപ്പോള്‍ ഒരു ബോര്‍ഡിങ് സ്‌കൂളില്‍ നടക്കുന്ന കഥയായിട്ടാണ് എഴുതിയതെന്നും പ്രധാന കഥാപാത്രമായി പത്തുവയസ്സുള്ള കുട്ടിയുമായിരുന്നു തന്റെ മനസിലെന്ന് സിബി മലയില്‍ പറഞ്ഞു. കൊച്ചു കുട്ടികളുടെ ക്യൂരിയോസിറ്റി എന്ന എലമെന്റെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ട് ആയേനെയെന്നും സിബി പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നിഖില്‍ മഹേശ്വറിനെ അവതരിപ്പിക്കാന്‍ താന്‍ മനസില്‍ കണ്ടത് ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നസറുദ്ദീന്‍ ഷായെ ആയിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. അലീനയായി തെന്നിന്ത്യന്‍ താരം മാധവിയെയാണ് ആലോചിച്ചതെന്നും സിബി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ വന്ന സമയം മുതല്‍ എന്റെ മനസില്‍ ദേവദൂതന്റെ കഥ ഉണ്ടായിരുന്നു. ഒരു പത്തുവയസുകാരനായിരുന്നു ആ സമയത്ത് കഥയിലെ പ്രധാന കഥാപാത്രം. ഒരു ബോര്‍ഡിങ് സ്‌കൂളില്‍ നടക്കുന്ന കഥയായിട്ടാണ് ആദ്യം ഉദ്ദേശിച്ചത്. രാത്രി കിടന്നുറങ്ങുന്ന സമയത്ത് സെവന്‍ ബെല്‍സിന്റെ ശബ്ദം കേട്ട് ഈ കുട്ടി ചാപ്പലിലേക്ക് പോകുന്ന സീനൊക്കെ അന്ന് മനസിലുണ്ടായിരുന്നു.

കൊച്ചുകുട്ടികളുടെ ക്യൂരിയോസിറ്റി പ്രേക്ഷകര്‍ക്ക് പെട്ടെന്ന കണക്ടാകുമെന്ന ചിന്തയിലായിരുന്നു ആ സീന്‍ ഉദ്ദേശിച്ചത്. ആ സമയത്ത് നിഖില്‍ മഹേശ്വര്‍ എന്ന ക്യാരക്ടറായി മനസില്‍ കണ്ടത് നസറുദ്ദീന്‍ ഷായെ ആയിരുന്നു. ബോളിവുഡില്‍ അദ്ദേഹം തിരക്കിട്ട് അഭിനയിക്കുന്ന സമയമായിരുന്നു അത്. അലീന എന്ന കഥാപാത്രത്തിലേക്ക് മാധവിയെ ആയിരുന്നു ഉദ്ദേശിച്ചത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil saying that he considered Naseeruddin Shah for Nikhil Maheshwar in Devadoothan

We use cookies to give you the best possible experience. Learn more