| Tuesday, 29th October 2024, 8:37 am

ചെയ്ത എല്ലാ പാട്ടും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ സംഗീതസംവിധായകന്‍ അദ്ദേഹമാണ്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്‍, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു.

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകരിലൊരാളായ രവീന്ദ്രന്‍ മാസ്റ്ററെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. താനും ലോഹിതദാസും ചേര്‍ന്നൊരുക്കിയ ഹിസ് ഹൈനസ് അബ്ദുള്ളയിലാണ് അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി ആദ്യമായി സംഗീതമൊരുക്കിയതെന്ന് സിബി മലയില്‍ പറഞ്ഞു.

നാല് ചിത്രങ്ങളില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ തനിക്ക് വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ എന്ന നിലയില്‍ പാട്ടുകള്‍ ചിത്രീകരിക്കാന്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചത് രവീന്ദ്രന്‍ മാസ്റ്ററാണെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ആ നാല് സിനിമകളില്‍ ഭരതത്തിന് സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

ഭരതത്തിലെയും ഹിസ്‌ഹൈനസ് അബ്ദുള്ളയിലെയും ധനത്തിലെയും പാട്ടുകള്‍ താന്‍ ആസ്വദിച്ച് ചിത്രീകരിച്ചവയാണെന്ന് സിബി മലയില്‍ പറഞ്ഞു. ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വം സംഗീതസംവിധായകരിലൊരാളാണ് രവീന്ദ്രന്‍ മാസ്റ്ററെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Raveendran Master

‘രവീന്ദ്രന്‍ മാസ്റ്റര്‍ ആദ്യമായി എനിക്ക് വേണ്ടി വര്‍ക്ക് ചെയ്തത് ഹിസ് ഹൈനസ് അബ്ദുള്ളയിലാണ്. അതിലെ പാട്ടുകള്‍ പലതും ഇന്നും പലരുടെയും ഫേവറെറ്റാണ്. പിന്നീട് മൂന്ന് സിനിമകളില്‍ കൂടി അദ്ദേഹം എന്നോടൊപ്പം വര്‍ക്ക് ചെയ്തു. ഭരതം, ധനം, കമലദളം. അതില്‍ ഭരതത്തിന് സംഗീതസംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടിയിട്ടുണ്ട്.

ഒരു സംവിധായകനെന്ന നിലയില്‍ പാട്ടുകള്‍ ചിത്രീകരിക്കാന്‍ എനിക്ക് ഏറ്റവുമധികം പ്രചോദനം തരുന്നത് രവീന്ദ്രന്‍ മാഷിന്റെ പാട്ടുകളാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനമായാലും ഭരതത്തിലെ രാമകഥാ ഗാനലയം ആണെങ്കിലും ഞാന്‍ ആസ്വദിച്ച് ചിത്രീകരിച്ച പാട്ടുകളാണ്. എന്റെ അഭിപ്രായത്തില്‍, ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വം സംഗീതസംവിധായകരിലൊരാളാണ് രവീന്ദ്രന്‍ മാസ്റ്റര്‍,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil saying Raveendran Master is one of the best music director in Malayalam Cinema

We use cookies to give you the best possible experience. Learn more