| Wednesday, 14th August 2024, 9:53 am

ആ രണ്ട് സിനിമകള്‍ക്ക് മോഹന്‍ലാലിന് നാഷണല്‍ അവാര്‍ഡ് ലഭിക്കാത്തത് എന്നെ വല്ലാതെ വിഷമിപ്പിച്ചു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ളയാളാണ് സിബി മലയില്‍.

കിരീടം, ചെങ്കോല്‍, സദയം, ഭരതം, ദശരഥം തുടങ്ങി മോഹന്‍ലാലിലെ അഭിനേതാവിനെ പരാമവധി ചൂഷണം ചെയ്യുന്ന സിനിമകളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. കിരീടത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പരാമര്‍ശം ലഭിച്ചപ്പോള്‍ ഭരതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മോഹന്‍ലാല്‍ സ്വന്തമാക്കി.

എന്നാല്‍ കിരീടത്തെക്കാള്‍ മോഹന്‍ലാലിന്റെ ഗംഭീരപ്രകടനം കണ്ടത് ചെങ്കോലിലും സദയത്തിലുമാണെന്ന് സിബി മലയില്‍ പറഞ്ഞു. ആ രണ്ട് സിനിമയിലെയും അഭിനയത്തിനായിരുന്നു ദേശീയ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ജൂറി ആ പ്രകടനം പരിഗണിക്കാത്തതെന്ന് തനിക്ക് മനസിലായില്ലെന്നും സിബി മലയില്‍ പറഞ്ഞു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കിരീടത്തിലും ഭരതത്തിലും കണ്ട ലാലിനെയല്ല സദയത്തിലും ചെങ്കോലിലും കണ്ടത്. വ്യത്യസ്ത ധ്രുവങ്ങളിലാണ് ആ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്. പലരും ചെങ്കോലിനെക്കാള്‍ നല്ലത് കിരീടമാണെന്ന് പറയാറുണ്ട്. പക്ഷേ എനിക്ക് കിരീടത്തെക്കാള്‍ ഇഷ്ടം ചെങ്കോലാണ്. ആ കഥാപാത്രങ്ങളുടെ നിസഹായാവസ്ഥ ചെങ്കോലിലാണ് കാണിച്ചിരിക്കുന്നത്.

അതുപോലെ സദയം, ഞാന്‍ ഭയത്തോടെ അപ്പ്രോച്ച് ചെയ്ത സിനിമയാണത്. കാരണം, എം.ടിയാണ് ആ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. എങ്ങാനും പാളിപ്പോകുമോ എന്ന പേടി ഉണ്ടായിരുന്നു. ലാല്‍ അതിഗംഭീരമായി ആ സിനിമ ചെയ്തുവെച്ചു. കിരീടത്തിലും ഭരതത്തിലും ലാലിന് അവാര്‍ഡ് കിട്ടി. പക്ഷേ അതിനെക്കാള്‍ അവാര്‍ഡിനര്‍ഹമായത് സദയവും ചെങ്കോലുമാണ്. ആ രണ്ട് സിനിമകളും എന്തുകൊണ്ടാണ് ജൂറി തഴഞ്ഞതെന്ന് എനിക്ക് ഇതുവരെ മനസിലായില്ല,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil saying Mohanlal should have get National award for Chenkol and Sadayam

We use cookies to give you the best possible experience. Learn more