മലയാള സിനിമയില്‍ പേരെടുത്ത് പറയാവുന്ന നിരവധി സിനിമകള്‍ ചെയ്യ്ത സംവിധായകനാണ് സിബി മലയില്‍. കിരീടം, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്.
മൂവീ മാന്‍ ബ്രാഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഫഹദ് ഫാസിലുമായി എന്നാണ് ചിത്രം ചെയ്യുക എന്ന ചോദ്യത്തിന് അത് അവരല്ലേ തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘അറിയില്ല, അത് അവര്‍ തീരുമാനിക്കേണ്ടതല്ലെ. അവര്‍ക്കെന്റെ കൂടെ സിനിമ ചെയ്യണമെന്ന് തോന്നുമ്പോഴല്ലെ സംഭവിക്കുകയുള്ളു. അവര്‍ക്ക് കംഫര്‍ട്ടബിളായ ആള്‍ക്കാരുടെ കൂടെയല്ലെ അവര്‍ സിനിമ ചെയ്യുക.
ഞാന്‍ അവര്‍ക്ക് കംഫര്‍ട്ടബിളാകുമെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ സിനിമ ചെയ്യും. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കഥയൊക്കെയുണ്ടാകും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം അവരൊക്കെ എന്റെ സിനിമയില്‍ അഭിനയിക്കുമോ എന്ന് സംശയമാണ്.
അവരുടെ തലമുറയില്‍പ്പെട്ട, നന്നായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരേ വൈബില്‍ തന്നെയുള്ള ടീമുമായാണ് അവര്‍ മുന്നോട്ട് പോകുന്നത്. അതായിരിക്കും അവര്‍ ചിന്തിക്കുക. അതിലേക്ക് ഞാന്‍ കയറി ചെല്ലുമ്പോള്‍ അവര്‍ കംഫട്ടബിളായിരിക്കില്ല,’ സിബി മലയില്‍ പറഞ്ഞു.
‘ഫഹദിനെ വച്ച് സിനിമ ചെയ്യുക വളരെ സന്തോഷമുള്ള കാര്യമാണ്. എന്നെങ്കിലും സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ. അവര്‍ക്ക് അങ്ങനൊരു ആഗ്രഹമുണ്ടാകുമ്പോള്‍ അതിനെപറ്റി ആലോചിക്കും, ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊത്ത് ആണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന സിബി മലയിലിന്റെ ചിത്രം. ആസിഫ് അലി, റോഷന്‍ മാത്യു, നിഖിലാ വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചറിന്റെ ബാനറില്‍ രഞ്ജിത്തും പി. എം. ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 16-നാണ് തിയേറ്ററില്‍ എത്തുന്നത്.
കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട്.
Content Highlight: sibi malayil reply about doing a film with Fahadh Faasil