കിരീടം, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി നിരവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് സിബി മലയില്‍. പ്രണവം ആര്‍ട്സ് എന്ന മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി തുടരെ മൂന്ന് സിനിമകള്‍ ചെയ്യാനുള്ള കാരണം മോഹന്‍ലാല്‍ തന്നെയാണെന്ന് പറയുകയാണ് സിബി മലയില്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ചിത്രങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്.
‘ദശരഥത്തിന്റെ ഷൂട്ടിങ്ങിന് ഞങ്ങള്‍ നെല്ലിയാമ്പതിയിലേക്ക് പോവുന്ന വഴിയാണ് ലാല്‍ എന്നോട് അദ്ദേഹം ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്ന കാര്യം പറഞ്ഞത്. ആദ്യത്തെ സിനിമ എന്നോടും ലോഹിയോടും ചെയ്യാനും അദ്ദേഹം അന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ഭരതത്തിന്റെ കഥയും ഹിസ് ഹൈനസ് അബ്ദുള്ളയുടെ കഥയും കമ്പനിയോട് പറഞ്ഞു. അവര്‍ക്ക് രണ്ട് കഥയും ഇഷ്ടപ്പെട്ടു.
കഥ ലാലിനെ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. രണ്ടും നല്ല കഥയാണ്. നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് എഴുതാന്‍ പറ്റുന്നത് ആദ്യം ചെയ്യാമെന്നായിരുന്നു എന്നോടും ലോഹിയോടും അദ്ദേഹം പറഞ്ഞത്. ലോഹി പറഞ്ഞതനുസരിച്ച് ഭരതം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ സിനിമ പ്രണവം പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി ചെയ്യാന്‍ തീരുമാനിച്ചത്.
പക്ഷേ അത് ഞങ്ങള്‍ക്ക് വലിയൊരു ബാധ്യതയായിരുന്നു. കാരണം ലാല്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആ രീതിക്ക് ഭയങ്കര ഹൈപ്പ് ഉണ്ടാകും, അതിനൊപ്പം സിനിമ നില്‍ക്കുകയും വേണം. അതുകൊണ്ട് തന്നെ ഞാനും ലോഹിയും ഒരുപാട് കഷ്ടപ്പെട്ട് കഥ ആലോചിച്ചു.
അവസാനം സിനിമ ചെയ്യുന്നില്ലെന്ന് ലാലിനോട് പോയി പറയാമെന്ന് കരുതി. കോഴിക്കോടുള്ള ഷൂട്ടിങ്ങ് സെറ്റില്‍ ചെന്ന് ലാലിനോട് ഞങ്ങള്‍ക്ക് കഥ കിട്ടുന്നില്ലെന്നും ഞങ്ങളെ ഒഴിവാക്കണമെന്നും പറഞ്ഞു.
പക്ഷേ അദ്ദേഹം ഞങ്ങളോട് ഹിസ് ഹൈനസ് അബ്ദുള്ള ആദ്യം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് അതിലേക്ക് വരുന്നത്. പിന്നീട് കമലദളം ചെയ്തു. അങ്ങനെ തുടരെ ലാലിന് വേണ്ടി മൂന്ന് സിനിമകളിലേക്ക് ഞാന്‍ എത്തി. പ്രണവം ആര്‍ട്സ് എന്ന നിര്‍മാണ കമ്പനിക്ക് പേരിട്ടത് മോഹന്‍ലാല്‍ തന്നെയാണ്, ” സിബി മലയില്‍ പറഞ്ഞു.
ദശരഥം എന്ന സിനിമയെ കുറിച്ചും സിബി മലയില്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘ദശരഥം എന്ന പ്രോജക്ട് സാഗാ ഫിലിംസിന്റേതാണ്. അടുത്ത ഫിലിം സാഗ ഫിലിംസിന് വേണ്ടി ചെയ്യാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അത് ജോഷി സാറാണ് ചെയ്യുന്നതെന്നായിരുന്നു. ജോഷി സാറും അവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ടാണ് ലാല്‍ എന്റെ പേര് സജസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ എനിക്ക് ജോഷി സാറിനോട് വിളിച്ച് ചോദിക്കണമായിരുന്നു. കാരണം ജോഷി സാര്‍ ചെയ്യേണ്ട ഒരു പ്രോജക്ട് ആണ് ഞാന്‍ ചെയ്യേണ്ടി വരിക. ഞാന്‍ വിളിച്ചപ്പോള്‍ ജോഷി സാര്‍ പറഞ്ഞു, ചോദിച്ചത് തന്നെ വലിയ കാര്യമാണ് നീ ചെയ്തോളൂ എന്നായിരുന്നു. പിറ്റേ ദിവസം തന്നെ ഞാന്‍ ലാലിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. അങ്ങനെയാണ് ദശരഥം ഉണ്ടാകുന്നത്,” സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil about why he made three films with Mohanlal consecutively