| Friday, 29th September 2023, 1:06 pm

ഉസ്താദിലെ ആ രണ്ട് പാട്ടും ഒരു ഫൈറ്റും ഞാനല്ല സംവിധാനം ചെയ്തത്, ഷാജി കൈലാസാണ്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഉസ്താദ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ഉസ്താദ് എന്ന ചിത്രത്തിന്റെ നിര്‍മാതാവായ ഷാജി കൈലാസ് ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഒരു ഫൈറ്റ് രംഗവും തന്റെ അഭാവത്തില്‍ ചിത്രീകരിച്ചതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിക്കുകയും മറ്റു ജോലികള്‍ പൂര്‍ത്തീകരിക്കാനുമുള്ള തിരക്കില്‍ താന്‍ പെട്ടുപോയത് കാരണമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് സിബി മലയില്‍ പറയുന്നത്. താന്‍ ചെയ്യുന്നതിനേക്കാള്‍ മികച്ചതാക്കി ആ രണ്ടുഗാനങ്ങളും ഫൈറ്റും ഷാജി കൈലാസ് ചിത്രീകരിച്ചെന്നും സിബി പറയുന്നു. കൗമുദി മൂവീസില്‍ ഉസ്താദ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു സിബി മലയില്‍.

‘സിനിമയുടെ റിലീസിന്റെ ഡേറ്റ് തീരുമാനിച്ചു. തിയേറ്റര്‍ ഉടമകളുമായി ഡേറ്റിന്റെ കാര്യം സംസാരിച്ച് ഫിക്‌സ് ചെയ്തു. സിനിമയുടെ മുഴുവന്‍ ജോലികളും തീര്‍ന്നിട്ടുമില്ല. ആ സമയത്ത് ഞാന്‍ എഡിറ്റിങ്ങിന്റെ തിരിക്കിലായിരുന്നു.

അതുകൊണ്ട് തന്നെ എനിക്ക് ആ ഷൂട്ടിങ്ങില്‍ പങ്കുചേരാന്‍ പറ്റിയില്ല. ഒരു കല്യാണ തലേന്ന് രാത്രിയില്‍ നടക്കുന്ന പാട്ടാണ് ചിത്രീകരിക്കാന്‍ ബാക്കിയുണ്ടാക്കിയിരുന്നതില്‍ ഒന്ന്. ആ ജോലി ഞാന്‍ ഷാജി കൈലാസിനെ ഏല്‍പ്പിച്ചു. അതിനു ശേഷമുള്ള സീന്‍ മാത്രം ഞാന്‍ പോയി ഷൂട്ട് ചെയ്തു. ബൃന്ദമാസ്റ്ററാണ് ആ പാട്ടിന്റെ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തത്.

അതിനോടൊപ്പം ആ സിനിമയില്‍ ക്ലബിനകത്ത് നടക്കുന്ന ചെറിയോരു മ്യൂസികല്‍ പോര്‍ഷന്‍ കൂടിയുണ്ട്. അതും മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ ഷാജി തന്നെയാണ് ചെയ്തത്.

ആ പാട്ടിന്റെ സ്വഭാവവും ഞാന്‍ സാധാരണ ചെയ്യാറുള്ള പാട്ടുകളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അത് പക്ഷേ ഷാജി വളരെ കൃത്യമായി ചെയ്തു. അവസാനഘട്ടത്തിലെ സമയക്കുറവ് കാരണം ഞാനാണ് ഷാജിയോട് ആ പാട്ട് ചെയ്യാന്‍ പറഞ്ഞത്.

ഷാജി ഇതിനകത്ത് ഒരു തരത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ ഒന്നും വന്നിട്ടില്ല. അദ്ദേഹം ഒരു പ്രൊഡ്യൂസറെ പോലെ, സീനിയര്‍ സംവിധായകന്‍ എന്ന എല്ലാ ബഹുമാനവും തന്നാണ് നിന്നത്. ഞാന്‍ ഷാജിയെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുകയായിരുന്നു.

ഷാജി ചെയ്താല്‍ എന്നെക്കാളും നന്നാവും എന്നും എനിക്ക് തോന്നി. ഷാജിക്ക് അനുയോജ്യമായ മേഖലകൂടിയാണ് അത്തരം സീനുകള്‍. മാത്രമല്ല സിനിമ ഏറ്റവും നല്ലതായി സ്‌ക്രീനില്‍ എത്തുക, പ്രേക്ഷകര്‍ സ്വീകരിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം.

സിനിമയിലെ ഇന്‍ഡ്രൊഡക്ഷനിലുള്ള ഫൈറ്റും ഷാജിയാണ് ചെയ്തത്. നിര്‍മാതാക്കളുടെയും ഡിസിട്രൂബ്യൂട്ടര്‍മാരുടേയും തിയേറ്റര്‍കാരുടെയും പൊതുവായ താല്‍പര്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.

പണ്ട് മണിചിത്രത്താഴ് ഷൂട്ട് ചെയുമ്പോള്‍ ഫാസിന്‍ എന്നെയും പ്രിയനെയും സിദ്ദീഖിനെയും ലാലിനെയും സഹായത്തിനായി വിളിച്ചിരുന്നു. അതും ഇതുപോലെ സമയക്കുറവ് കാരണമായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi malayil about Usthad Movie shoot and Shaji Kailas

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more