| Saturday, 27th July 2024, 4:25 pm

എന്റെ സിനിമകളുടെ ലിസ്റ്റിലേക്ക് പലരും ആ ചിത്രം ഉള്‍പ്പെടുത്താറില്ല: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

എന്നാല്‍ സിബി മലയിലിന്റെ സിനിമകളുടെ പാറ്റേണില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു 1999ല്‍ പുറത്തിറങ്ങിയ ഉസ്താദ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമയായിരുന്നു ഉസ്താദ്. ഇന്നും ആ സിനിമയുടെ സംവിധായകന്‍ സിബി മലയിലാണെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഉസ്താദിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍.

താന്‍ ചെയ്ത സിനിമയാണ് അതെന്ന് പലര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ചിത്രമാണ് അതെന്ന് സിബി മലയില്‍ പറഞ്ഞു. ആ സിനിമ ആദ്യം ചെയ്യാമെന്ന് പറഞ്ഞ നിര്‍മാതാക്കള്‍ മാറുകയും പിന്നീട് രഞ്ജിത്തും ഷാജി കൈലാസും നിര്‍മാണം ഏറ്റെടുത്തുവെന്നും സംവിധായകന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ എന്റേതാണെന്ന് പലര്‍ക്കും അംഗീകരിക്കാന്‍ മടിയുള്ള സിനിമയാണ് ഉസ്താദ്. കാരണം, ഞാന്‍ അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണായിരുന്നു ഉസ്താദിന്. ആ സിനിമ ആദ്യം നിര്‍മിക്കാമെന്ന് ഏറ്റത് വേറൊരു പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. ഷൂട്ടിന് മുമ്പ് അവര്‍ ലാലിന്റെയടുത്ത് ചെന്നിട്ട് എന്നെ അതില്‍ നിന്ന് ഒഴിവാക്കിയാലേ അവരാ സിനിമ ചെയ്യുള്ളൂ എന്ന് പറഞ്ഞു.

ലാല്‍ അതിന് കൊടുത്ത മറുപടി എന്നെ ഞെട്ടിച്ചു, ‘ഞാന്‍ ഡേറ്റ് കൊടുത്തത് സിബിക്കാണ്. നിങ്ങള്‍ക്ക് അയാളെ പറ്റില്ലെങ്കില്‍ നിങ്ങള്‍ മാറിക്കോളൂ’ എന്നാണ് ലാല്‍ പറഞ്ഞത്. ആ നിര്‍മാതാക്കള്‍ പിന്മാറിയപ്പോള്‍ ഞാന്‍ ഇക്കാര്യം രഞ്ജിത്തിനെ വിളിച്ചു പറഞ്ഞു. പിന്നീടാണ് രഞ്ജിത്തും ഷാജി കൈലാസും ഈ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Usthaad movie

We use cookies to give you the best possible experience. Learn more