ആശയത്തിലെ പുതുമകൊണ്ട് ഇന്നും മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ദശരഥം. കൃത്രിമ ഗര്‍ഭധാരണമായിരുന്നു ചിത്രത്തിന്റെ പ്രമേയം. രാജീവ് മേനോനായുള്ള മോഹന്‍ലാലിന്റെ പ്രകടനവും സിനിമയിലെ പല ഡയലോഗുകളും ഇന്നും ആഘോഷിക്കപ്പെടുന്നുമുണ്ട്.
സിനിമ ഇക്കാലത്തും ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, 1989ല്‍ റിലീസ് ചെയ്ത സമയത്ത് ദശരഥത്തിന് വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
കൃത്രിമ ഗര്‍ഭധാരണം എന്ന കാര്യത്തെ കുറിച്ച് ആളുകള്‍ വലിയ ധാരണയില്ലാതിരുന്നത് സിനിമയുടെ സ്വീകാര്യതയെ ബാധിച്ചിരിക്കാമെന്ന് സംവിധായകന്‍ സിബി മലയില്‍ തുറന്നുപറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സിനിമയിലെ ഇമോഷന്‍ ആളുകള്‍ക്ക് പിടികിട്ടാതിരുന്നതെന്ന് തനിക്കനിയും മനസിലാക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ദശരഥം നേരിട്ട പരാജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സിബി മലയില്‍ പങ്കുവെച്ചത്.
‘ദശരഥം തിയേറ്ററുകളില്‍ ഒരു ഏവറേജ് സിനിമയായിരുന്നു. പിന്നീടാണ് ആ പടം ആഘോഷിക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍സിമെനേഷന്‍ എന്ന ചികിത്സാരീതിയുണ്ടെന്ന കാര്യം അന്ന് സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു. ഇത് സിനിമയുടെ പരാജയത്തിന് ഒരു കാരണമായിരിക്കും.
എന്നാലും സിനിമയിലെ ഇമോഷണല്‍ ഏരിയ എന്തുകൊണ്ട് ആളുകള്‍ക്ക് കിട്ടിയില്ലെന്നത് ഇന്നും എനിക്കൊരു സംശയമാണ്. അമ്മയും മകനും, അച്ഛനും മകനും എന്നിങ്ങനെയുള്ള യൂണിവേഴ്‌സലായ, മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളെയാണല്ലോ സിനിമ പോര്‍ട്രെ ചെയ്തത്. എന്നിട്ടും ആളുകള്‍ക്ക് അത് കിട്ടിയില്ല,’ സിബി മലയില്‍ പറയുന്നു.
ദേവദൂതന്‍ എന്ന സിനിമയെ കുറിച്ചും അഭിമുഖത്തില്‍ സിബി മലയില്‍ സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ചതാണ് ആ സിനിമ പരാജയപ്പെടാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. രണ്ടായിരങ്ങളില്‍ സൂപ്പര്‍ ഹ്യൂമന്‍ വേഷങ്ങള്‍ ചെയ്തിരുന്ന സമയത്താണ് ദേവദൂതനില്‍ വളരെ സിമ്പിളായ ഒരു മ്യൂസിഷ്യനായി അദ്ദേഹമെത്തിയതെന്നും അത് ആളുകള്‍ക്ക് സ്വീകരിക്കാനായില്ലെന്നുമാണ് സിബി മലയില്‍ പറയുന്നത്.
മാത്രമല്ല താന്‍ ആഗ്രഹിച്ച രീതിയില്‍ ആ സിനിമയെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ദേവദൂതന് പുതിയ തലമുറയില്‍ നിന്ന് പോലും വലിയ സ്വീകാര്യത നേടാനാകുന്നുണ്ടെങ്കിലും ആ സിനിമയുടെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് തന്നെയാണ് സിബി മലയില്‍ പറയുന്നത്. താന്‍ ആളുകള്‍ക്ക് നല്‍കാനാഗ്രഹിച്ചത് ഇതല്ലായിരുന്നുവെന്നാണ് ദേവദൂതനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.
Content Highlight: Sibi Malayil about the movie Dasaratham