മോഹൻലാലിൻറെ ആദ്യ നിർമാണ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിൻ്റെ പ്രണവം ആർട്സ് ഇന്റർനാഷണലിന്റെ ആദ്യത്തെ ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള എന്നും അത് 1990ലാണ് ഷൂട്ടിങ് ആരംഭിക്കുകയും റീലീസ് ചെയ്യുകയും ചെയ്തതെന്നും സിബി മലയിൽ പറയുന്നുണ്ട്.
മോഹൻലാൽ സ്വന്തമായൊരു നിർമാണ കമ്പനി തുടങ്ങാനുള്ള ഒരു താത്പര്യവും അതിന്റെ ആദ്യചിത്രം താനും ലോഹിയും ചേർന്ന് ചെയ്യണമെന്നുള്ളൊരു ആവശ്യവും മുന്നോട്ട് വെച്ചെന്നും സിബി പറഞ്ഞു. എന്നാൽ മോഹൻലാലിൻറെ ആദ്യ നിർമാണ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും അതിന് വേണ്ടി ഒരുപാട് കഥകൾ ആലോചിച്ചെന്നും സിബി പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1990ലാണ് ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രം ഷൂട്ടിങ് ആരംഭിക്കുകയും റീലീസ് ചെയ്യുകയും ചെയ്തത്. മോഹൻലാലിൻ്റെ പ്രണവം ആർട്സ് ഇന്റർനാഷണലിന്റെ ആദ്യത്തെ ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. അങ്ങനെയൊരു സിനിമയുടെ ആവശ്യം ലാല് ഞാനുമായി പങ്കുവെച്ചത് ‘ദശരഥം’ എന്ന സിനിമയുടെ ഷൂട്ടിന്റെ വേളയിലാണ്.
കിരീടം കഴിഞ്ഞ് ദശരഥം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ നമ്മൾ ഒരുമിച്ച് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലാണ് ലാല് സ്വന്തമായൊരു നിർമാണ കമ്പനി തുടങ്ങാനുള്ള ഒരു താത്പര്യവും അതിന്റെ ആദ്യചിത്രം ഞാനും ലോഹിയും ചേർന്ന് ചെയ്യണമെന്നുള്ളൊരു ആവശ്യം മുന്നോട്ട് വെച്ചത്. അതിനെ തുടർന്ന് ദശരഥം കംപ്ലീറ്റ് ചെയ്തപ്പോഴേക്കും ഇതിനുള്ള കഥ ഞങ്ങൾ ആലോചിച്ചു തുടങ്ങി.
ഒരുപാട് കഥകൾ ഞങ്ങൾ ആലോചിച്ചു കാരണം മോഹൻലാൽ എന്നൊരു താരമൂല്യമുള്ള അഭിനേതാവ് സ്വന്തം നിർമാണ സ്ഥാപനം തുടങ്ങുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്യുമ്പോൾ ആ സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകും. ആ പ്രതീക്ഷക്കൊത്ത് ഉയരുന്ന ഒരു ഉത്തരവാദിത്തമാണ് നമുക്ക് ഉള്ളതെന്ന് ഞാൻ ലോഹിയുമായിട്ട് പങ്കുവെക്കുകയും ചെയ്തു.
അതുകഴിഞ്ഞ് ഒരുപാട് ആലോചിച്ച് ഒരു ഘട്ടം കഴിഞ്ഞപ്പോൾ നമുക്ക് പൂർണ്ണമായിട്ടും തൃപ്തികരമായ ഒരു കഥയിൽ എത്തിപ്പെടാതെവന്നു. ഇടക്ക് ലാൽ വിളിച്ചിട്ട് ‘കഥ ആയോ? ഷൂട്ടിങ് ജനുവരിയിൽ തുടങ്ങി മാർച്ച് അവസാനം വെള്ളിയാഴ്ച റീലീസ് ചെയ്യണം, ആ രീതിയിൽ തിയേറ്ററൊക്കെ ബ്ലോക്ക് ചെയ്ത് കഴിഞ്ഞു’ എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഭയങ്കര ടെൻഷനായി. അപ്പോഴും നമുക്ക് കോൺഫിഡൻസ് തരുന്ന ഒരു കഥയിലേക്ക് എത്തിയിട്ടില്ല.
ഒടുവിൽ ഞാനും ലോഹിയും തീരുമാനിച്ചു ഇനി വെച്ച് നീട്ടേണ്ട ലാലിന്റെ അടുത്ത് പോയി പറയാം കഥ ആയില്ല, തത്കാലം ഈ ഒരു പ്രോജക്ട് നീട്ടിത്തരണം, പിന്നീട് നല്ലൊരു കഥയാകുമ്പോൾ നമുക്ക് ചെയ്യാം എന്നുള്ള ഒരു കാര്യം. എന്ന് കരുതി കോഴിക്കോട് ലാലുണ്ടെന്നറിഞ്ഞ് അവിടെ ചെല്ലുകയും കാര്യം പറയുകയും ചെയ്തു. അപ്പോൾ ലാൽ എന്നോട് ‘ദശരഥം സിനിമയുടെ സമയത്ത് നിങ്ങൾ രണ്ട് കഥ എന്റെ അടുത്ത് പറഞ്ഞില്ലേ, ഒന്ന് ദശരഥം എന്ന് പേരിൽ സിനിമയാക്കി. രാജകൊട്ടാരത്തിന്റെ പശ്ചാത്തലത്തിലുള്ള മറ്റൊരു കഥ പറഞ്ഞില്ലേ’ അത് ആലോചിച്ചു കൂടെ എന്ന് ചോദിച്ചു. പെട്ടെന്ന് നമുക്കും ആ കഥ ചെയ്യാമെന്ന് തോന്നി. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്ദുള്ള എന്ന പ്രൊജെക്ടിലേക്ക് എത്തുന്നത്,’ സിബി മലയിൽ പറഞ്ഞു.
Content Highlight: Sibi malayil about the first movie of Mohanlal’s production house