| Sunday, 21st July 2024, 4:38 pm

ദേവദൂതന്റെ പരാജയം ഏറ്റവും കൂടുതല്‍ അഫക്ട് ചെയ്തത് അയാളെയായിരുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.

ചിത്രം പരാജയമായപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. തന്റെ കരിയറില്‍ ഏറ്റവുമധികം ദിവസം ഷൂട്ട് ചെയ്ത സിനിമയായിരുന്നു ദേവദൂതനെന്നും ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ വന്ന നെഗറ്റീവ് റിവ്യൂ തന്നെ മാനസികമായി തളര്‍ത്തിയെന്നും സിബി മലയില്‍ പറഞ്ഞു. താന്‍ ഡിപ്രഷന്റെ ലെവലിലേക്ക് വരെ പോയിരുന്നെന്നും സിബി പറഞ്ഞു.

എന്നാല്‍ തന്നെക്കാള്‍ പരാജയം അഫക്ട് ചെയ്തത് നിര്‍മാതാവ് സിയാദ് കോക്കറിനെയായിരുന്നുവെന്നും സിബി പറഞ്ഞു. അന്നത്തെക്കാലത്ത് ഒന്നരക്കോടി രൂപക്ക് ചെയ്തുതീര്‍ത്ത സിനിമയായിരുന്നുവെന്ന് ദേവദൂതനെന്നും ആ പരാജയം സിയാദിനെ വല്ലാതെ തളര്‍ത്തിയെന്നും സിബി കൂട്ടിച്ചേര്‍ത്തു. ദേവദൂതന്റെ റീ റിലീസുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘എന്റെ കരിയറില്‍ ഏറ്റവും സമയമെടുത്ത് ഷൂട്ട് ചെയ്ത സിനിമയാണ് ദേവദൂതന്‍. ഏറെക്കുറെ 64 ദിവസം എടുത്തു ഷൂട്ട് തീര്‍ക്കാന്‍. സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഊട്ടിയായിരുന്നു. ഊട്ടിക്ക് പുറത്ത് രണ്ട് സീന്‍ മാത്രമേ ചെയ്തുള്ളൂ. ലൈബ്രറിയിലെ സീന്‍ എടുത്തത് ചെന്നൈയില്‍ വെച്ചായിരുന്നു. റിലീസിന്റെ അന്ന് ഫസ്റ്റ് ഹാഫിന് ശേഷം കുഴപ്പമില്ലാത്ത റിപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. പക്ഷേ സിനിമ തീര്‍ന്നപ്പോള്‍ പ്രതീക്ഷിച്ച റിസല്‍ട്ടല്ല കിട്ടിയത്.

ആ പരാജയം എന്നെ വല്ലാതെ ബാധിച്ചു. 25 ദിവസമെങ്കിലും സിനിമ ഓടിയിരുന്നെങ്കില്‍ എന്നെ അത്ര ബാധിക്കില്ലായിരുന്നു. പക്ഷേ ആദ്യ ദിവസം തന്നെ നെഗറ്റീവ് വന്ന സിനിമ ഞാനടക്കം പലരെയും അഫക്ട് ചെയ്തു. എന്നെക്കാള്‍ ആ പരാജയം ബാധിച്ച ഒരാള്‍ നിര്‍മാതാവ് സിയാദ് കോക്കറിനെയായിരുന്നു. അന്നത്തെക്കാലത്ത് ഒന്നരക്കോടി രൂപക്കാണ് ആ സിനിമ ചെയ്തത്. എന്നെ സംബന്ധിച്ച് അടുത്ത സിനിമ ഹിറ്റായാല്‍ ഞാന്‍ രക്ഷപ്പെടും. പക്ഷേ, സിയാദിന്റെ അവസ്ഥ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തെ ആ പരാജയം നല്ലവണ്ണം ബാധിച്ചു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about the failure of Devadoothan movie

We use cookies to give you the best possible experience. Learn more